സ്റ്റോക്സിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നാലാം ഏകദിനം കളിക്കില്ല
വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തിനുള്ള ടീമില്‍ നിന്നും സ്റ്റോക്സിനെയും ഒപ്പമുണ്ടായിരുന്ന അലക്സ് ഹെയില്‍സിനെയും ഒഴിവാക്കിയതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു
ഇംഗ്ലണ്ട് ഓള്‍ റൌണ്ടര്‍ ബെന്‍ സ്റ്റോക്സിനെ ബ്രിസ്റ്റളില്‍ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു, തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെയാണ് സംഭവം. ഇതേ തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തിനുള്ള ടീമില്‍ നിന്നും സ്റ്റോക്സിനെയും ഒപ്പമുണ്ടായിരുന്ന അലക്സ് ഹെയില്‍സിനെയും ഒഴിവാക്കിയതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഞായറാഴ്ച രാത്രി നടന്ന ഒരു സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഓവലില്‍ നടക്കുന്ന നാലാം മത്സരത്തില്‍ ഇരുവരുടെയും സേവനം ലഭ്യമായിരിക്കില്ലെന്ന് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പൊലീസ് അന്വേഷണവുമായി സഹകരിക്കാന്‍ ഹെയില്‍സ് സ്വമേധയാ തയ്യാറായി തിരികെ പോകുകയാണുണ്ടായതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു. മുഖത്ത് പരിക്കേറ്റ് ഒരാള്‍ ചികിത്സയിലായ കേസിലാണ് ദേഹോപദ്രവം ഏല്‍പ്പിച്ച വ്യക്തിയെന്ന സന്ദേഹത്തില്‍ സ്റ്റോക്സിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതെന്ന് പൊലീസ് അറിയിച്ചു.