മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാൻ ലജ്ജയില്ലേ ലജ്ജയില്ലേ? ബല്‍റാമിനോട് ശാരദക്കുട്ടി
ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകൾ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി
മാനുഷിക പ്രശ്നങ്ങളുടെ ആത്മാവിനെ സ്പർശിക്കാൻ നേതാക്കന്മാർക്ക് കഴിയണമെങ്കിൽ അവർ ഒളിഞ്ഞുനോട്ടക്കാരാകരുതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകൾ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്. അതാണ് ബൽറാമിനോട് "മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാൻ ലജ്ജയില്ലേ ലജ്ജയില്ലേ, നിനക്കു ലജ്ജയില്ലേ" എന്ന് ചോദിക്കാൻ തോന്നുന്നതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഞങ്ങളുടെ നേതാവിന് പ്രണയമെന്തെന്നറിയാമായിരുന്നു, അത് പ്രണയമായിരുന്നു എന്ന് അഭിമാനത്തോടെ പറയാൻ കമ്യൂണിസ്റ്റുകാർ ലജ്ജിക്കുന്നതെന്തിനെന്നും ശാരദക്കുട്ടി ചോദിക്കുന്നു. മനുഷ്യനെ സ്പർശിക്കുന്ന പ്രസ്ഥാനത്തിന്റെ അമരക്കാർ നല്ല കാമുകീകാമുകന്മാർ കൂടി ആയിരുന്നാൽ എത്ര നന്നായിരിക്കും. പക്ഷേ അതിനെ ഭയപ്പെടുന്നത്., അത് ലൈംഗിക വൈകൃതമാകുന്നത് മൊത്തത്തിലുള്ള രാഷ്ടീയ കാഴ്ചപ്പാടിന്റെ വൈകല്യമാണ്. ഭയമില്ലാതെ പ്രണയിച്ചിരുന്ന നേതാക്കന്മാരുടെ ജീവിത കഥകൾ പാഠപുസ്തകങ്ങളാകണം. പുതിയ രാഷ്ട്രീയ വിദ്യാർഥികൾ മേലിൽ ബൽറാമിനെ പോലെ സംസാരിക്കരുത്. അത്തരക്കാരെ നേരിടാൻ കൂടുതൽ നല്ല പ്രണയാനുഭവങ്ങളാണ് വേണ്ടത്. ചീമുട്ട നല്ല രാഷ്ട്രീയായുധമല്ലെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.