കരാറുകാരുടെ സമരത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണി നിലച്ചു; കുടിവെള്ള വിതരണം താറുമാറായി
ഒരു വര്‍ഷമായുള്ള കുടിശിക തുക കിട്ടാത്തതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
സംസ്ഥാനത്ത് കുടിവെള്ളം കിട്ടാതെ ജനം നട്ടം തിരിയുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം താറുമാറാകുന്നു. കരാര്‍ ജീവനക്കാരുടെ സമരത്തെത്തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്താനാവാതെ പലയിടങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്. ഒരു വര്‍ഷമായുള്ള കുടിശിക തുക കിട്ടാത്തതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
കോഴിക്കോട് അരയിടത്തുപാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. ഇത് തന്നെയാണ് മിക്കയിടങ്ങളിലേയും സ്ഥിതി. വാട്ടര്‍ അതോറിറ്റി കരാറുകാരുടെ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണിക്ക് ആളില്ലാത്തതാണ് പ്രശ്നത്തിനു കാരണം. 11 മാസത്തെ കുടിശിക ഇനത്തില്‍ 300 കോടി രൂപയിലധികം ചെറുകിട കരാറുകാര്‍ക്ക് കിട്ടാനുണ്ട്. ഇതാണ് കരാറുകാരെ അനിശ്ചിതകാല സമരത്തിലേക്ക് നയിച്ചത്.
അനിശ്ചിത കാലസമരം രണ്ടാഴ്ച പിന്നിട്ടെങ്കിലും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് കരാറുകാരുടെ ആക്ഷേപം. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സമരം തുടരുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. അറ്റകുറ്റപ്പണിക്കായി പകരം സംവിധാനം ഏര്പ്പെടുത്താന്‍ നിലവില്‍ സാധിക്കില്ലെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പണം ലഭ്യമാകുന്ന മുറക്ക് കുടിശ്ശിക തുക കൊടുത്തു തീര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.