ചെങ്ങോട്ടുമല പാറ ഖനനം; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിമാരുടെ നിര്‍ദ്ദേശം

Update: 2018-05-28 20:43 GMT
Editor : Jaisy
ചെങ്ങോട്ടുമല പാറ ഖനനം; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിമാരുടെ നിര്‍ദ്ദേശം
Advertising

വനം വകുപ്പ് മന്ത്രി കെ.രാജു പ്രിന്‍സിപ്പാള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്കും റവന്യൂ മന്ത്രി ഇ.ചന്ദ്രേശഖരന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്

കോഴിക്കോട് ചെങ്ങോട്ടുമലയില്‍ പാറ പൊട്ടിക്കാന്‍‌ സ്വകാര്യ ഗ്രൂപ്പിന് അനുമതി നല്‍കിയ മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ നടപടിയില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിമാരുടെ നിര്‍ദ്ദേശം. വനം വകുപ്പ് മന്ത്രി കെ.രാജു പ്രിന്‍സിപ്പാള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്കും റവന്യൂ മന്ത്രി ഇ.ചന്ദ്രേശഖരന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. ജൈവ സമ്പന്ന മേഖലയില്‍ ക്വാറിക്കും ക്രഷറിനും അനുമതി നല്‍കിയ വാര്‍ത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.

Full View

അതീവ പരിസ്ഥിതി പ്രാധാന്യമുളള ചെങ്ങോട്ടുമല തുരന്നെടുക്കാനുള്ള അനുമതി പത്തനംതിട്ട സ്വദേശി തോമസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ഡെല്‍റ്റാ ഗ്രൂപ്പിന് അടുത്തിടെയാണ് നല്‍കിയത്. ക്യഷി ആവിശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിയ 12 ഏക്കര്‍ സ്ഥലത്ത് അഞ്ച് ചെറുകിട ക്വാറികള്‍ തുടങ്ങാനാണ് ശ്രമം.ഇതിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് മന്ത്രിമാര്‍ ഇടപെട്ടത്. വനം വകുപ്പ് പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പികെ കേശവന്‍ ഐഎഫ്സിനോട് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് വനം വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം. കോഴിക്കോട് ജില്ലാ കളക്ടര്‍ യുവി ജോസിനോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും റിപ്പോര്‍ട്ട് തേടി.

ഒന്നരമീറ്റര്‍ മേല്‍മണ്ണ് നീക്കി 85 മീറ്ററോളം താഴ്ചയില്‍ പാറ ഖനനം ചെയ്യാനാണ് കമ്പനിയുടെ നീക്കം. പാറക്കൂട്ടങ്ങള്‍ക്ക് പുറമേ സംരക്ഷിത ഗണത്തില്‍പെടുന്ന ജീവികളും അപൂര്‍വ്വയിനം ഔഷധ സസ്യങ്ങളും നിറഞ്ഞ ചെങ്കോട്ടുമല ഖനനത്തോടെ ഇല്ലാതാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൊങ്ങോട്ടുമലയുടെ ഒരു വശത്തായിട്ട് ആദിവാസികളായ കരിമ്പാല വിഭാഗക്കാര്‍ താമസിക്കുന്നുണ്ട്. ക്വാറി തുടങ്ങുന്നതോടെ ഇവരും കുടിയിറങ്ങേണ്ടി വരും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News