ഹാദിയ ഡല്‍ഹി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു
1.20നുള്ള വിമാനത്തില്‍ കോയമ്പത്തൂരിലേക്ക് തിരിക്കും. അവിടെ നിന്നും റോഡ് മാര്‍ഗം സേലത്ത് എത്തും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി..
കേരള ഹൌസില്‍ നിന്നും ഹാദിയ ഡല്‍ഹി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂര്‍ വഴിയാകും യാത്ര. 1.20നുള്ള വിമാനത്തില്‍ കോയമ്പത്തൂരിലേക്ക് തിരിക്കും. അവിടെ നിന്നും റോഡ് മാര്‍ഗം സേലത്ത് എത്തും. നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഹാദിയ പഠിച്ചിരുന്ന സേലം ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിനും ഇന്‍റന്‍ഷിപ്പ് പൂര്‍ത്തീകരണത്തിനും വേണ്ട സൌകര്യങ്ങള്‍ ചെയ്യാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോടാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കോടതി വിധി പാലിക്കുമെന്ന് കോളജ് അധികൃതരും വ്യക്തമാക്കി കഴിഞ്ഞു. നിലവില്‍ ഡല്‍ഹി കേരള ഹൌസിലാണ് ഹാദിയ ഉള്ളത്. സേലത്തേക്ക് കൊണ്ട് പോകും വരെ ഹാദിയയെ കേരളാ ഹൌസില്‍ താമസിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേരളാ ഹൌസില്‍ ഹാദിയയെ കൂടുതല്‍ സമയം താമസിപ്പിക്കുന്നത് സുരക്ഷ സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുമെന്നും കേരള ഹൌസിന്‍റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കുമെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹാദിയയെ എത്രയും പെട്ടന്ന് കോയമ്പത്തൂര്‍ വഴി സേലത്ത് എത്തിക്കുന്നതിന്‍റെ സാധ്യതകളാണ് പൊലീസ് ആദ്യം പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ കാല താമസമുണ്ടാവുകയാണെങ്കില്‍ ഹാദിയയെ കൊച്ചിയിലെത്തിച്ച ശേഷം സേലത്തേക്ക് കൊണ്ടു പോകാനാണ് പൊലീസ് നീക്കം.