ചെങ്ങന്നൂരില്‍ ഡി വിജയകുമാര്‍ കോൺഗ്രസ് സ്ഥാനാർഥി

Update: 2018-05-29 00:05 GMT
Editor : Sithara
ചെങ്ങന്നൂരില്‍ ഡി വിജയകുമാര്‍ കോൺഗ്രസ് സ്ഥാനാർഥി
Advertising

സംസ്ഥാന നേതാക്കൾക്കിടയിൽ സ്ഥാനാർഥി സംബന്ധിച്ച് അന്തിമ ധാരണയായി. ഹൈകമാൻഡിന്‍റെ അംഗീകാരത്തോടെ ഇന്ന് പ്രഖ്യാപനം ഉണ്ടാവും.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ അ‍ഡ്വ ഡി വിജയകുമാര്‍ കോൺഗ്രസ് സ്ഥാനാർഥിയാകും. സംസ്ഥാന നേതാക്കൾക്കിടയിൽ സ്ഥാനാർഥി സംബന്ധിച്ച് അന്തിമ ധാരണയായി. ഹൈകമാൻഡിന്‍റെ അംഗീകാരത്തോടെ ഇന്ന് പ്രഖ്യാപനം ഉണ്ടാവും.

Full View

ചെങ്ങന്നൂരിലെ സ്ഥാനാർഥി സംബന്ധിച്ച അന്തിമ ചർച്ചകൾക്കായി കെപിസിസി രാഷ്ട്രീയകാര്യ സമിതി കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ്, ഉമ്മൻചാണ്ടി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. നേതാക്കൾ ഇന്നലെ രാത്രി വൈകി പാർട്ടിയിലെ മറ്റ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ചെങ്ങന്നൂർ വിജയകുമാർ എന്നറിയപ്പെടുന്ന അഡ്വ. ഡി വിജയകുമാർ എന്ന പേരിലേക്ക് എത്തിച്ചേർന്നത്. കെപിസിസി പ്രസിഡന്‍റ് തീരുമാനം ഹൈകമാന്‍ഡിനെ അറിയിച്ചു. ഹൈകമാൻഡിന്‍റെ അംഗീകാരം ലഭിച്ചാൽ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വൈകിട്ട് മൂന്ന് മണിക്ക് ചെങ്ങന്നൂരിൽ നടക്കുന്ന പ്രവർത്തക കൺവെൻഷനിൽ സ്ഥാനാർഥിയെ പരിചയപ്പെടുത്തുകയും ചെയ്യും.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായി പൊതുപ്രവർത്തനം ആരംഭിച്ച ഡി വിജയകുമാർ 17 വർഷം ആലപ്പുഴ ഡിസിസിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. കോൺഗ്രസിന്‍റെ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും എന്‍എസ്എസ് ചെങ്ങന്നൂർ താലൂക്ക് ബോർഡ് മെമ്പറുമായിരുന്നു. അയ്യപ്പസേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്‍റാണ്. കെപിസിസി അംഗമായ അഡ്വക്കേറ്റ് ഡി വിജയകുമാർ ചെങ്ങന്നൂർ കാർഷിക വികസന ബാങ്കിന്റെ പ്രസിഡന്‍റുമാണ്. കോൺഗ്രസ് ഐ വിഭാഗത്തോടൊപ്പം പ്രവർത്തിച്ചുവന്ന വിജയകുമാര്‍ അടുത്തിടെ എ വിഭാഗവുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

മണ്ഡലത്തിലെ വോട്ടർമാരുമായുള്ള ദീർഘ നാളത്തെ ബന്ധം, അയ്യപ്പസേവാ സമിതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ വിവിധ വിഭാഗങ്ങളുമായുള്ള അടുത്ത ബന്ധം എന്നിവ വിജയകുമാറിന് അനുകൂലഘടകമായി. തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ പലകുറി ഇടംപിടിച്ച വിജയകുമാർ ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻ എംഎൽഎയും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ പി സി വിഷ്ണുനാഥ് പിന്മാറിയതും പകരം പരിഗണിച്ച പേരുകളിൽ മുൻഗണന ലഭിച്ചതുമാണ് വിജയകുമാറിന് നറുക്ക് വീഴാൻ കാരണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News