മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ സെന്‍കുമാറിന് എതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം

Update: 2018-05-30 14:12 GMT
Editor : Subin
മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ സെന്‍കുമാറിന് എതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം
Advertising

സെന്‍കുമാറിന് എതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് മുസ്‌ലിം സംഘടനകളുടെ തീരുമാനം...

കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാറിന് എതിരെ കേസ് എടുക്കണമെന്ന ആവശ്യം ശക്തം. സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ മതസ്പര്‍ദ്ധ സൃഷ്ടിക്കുന്നതായി ആരോപിച്ച് വിവിധ മുസ്‌ലിം സംഘടനകള്‍ രംഗത്ത് എത്തി. സെന്‍കുമാറിന് എതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് മുസ്‌ലിം സംഘടനകളുടെ തീരുമാനം. സെന്‍കുമാറിന് എതിരെ കടുത്ത വിമര്‍ശവുമായി ജനപ്രതിനിധികളും രംഗത്ത് എത്തിയിട്ടുണ്ട്.

ആട്ടിന്‍തോലണിഞ്ഞ ചെന്നായിയെ തിരിച്ചറിയാന്‍ കേരളം വൈകിയെന്നായിരുന്നു എംഐ ഷാനവാസ് എംപിയുടെ പ്രതികരണം. തന്റെ യഥാര്‍ത്ഥ മേച്ചില്‍പുറമായ ആര്‍എസ്എസിലേക്ക് സെന്‍കുമാര്‍ ചേക്കേറണമെന്ന് ആവശ്യപ്പെട്ട എംഐ ഷാനവാസ് എംപി മതസ്പര്‍ദ സൃഷ്ടിച്ചതിന് സെന്‍കുമാറിന് എതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. മതസ്പര്‍ധ വളര്‍ത്തി രാജ്യത്തു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണോ സെന്‍കുമാര്‍ എന്നു പരിശോധിക്കണമെന്നായിരുന്നു യൂത്ത് ലീഗിന്റെ ആവശ്യം. സെന്‍കുമാറിന് എതിരെ നാളെ ഡിജിപിക്ക് യൂത്ത് ലീഗ് പരാതി നല്‍കും

പോലീസിനുള്ളിലെ മുസ്‌ലിം വിരുദ്ധതയും വര്‍ഗീയതയും വെളിപ്പെട്ടുവെന്നായിരുന്നു ജമാഅത്തെ ഇസ് ലാമിയുടേയും സോളിഡാരിറ്റിയുടേയും പ്രതികരണം. സംഘപരിവാറിന്റെ പഴകിപുളിച്ച നുണയാണ് സെന്‍കുമാറും പ്രചരിപ്പിക്കുന്നതെന്നായിരുന്നു മുസ്‌ലിം ലീഗിന്റെ കുറ്റപ്പെടുത്തല്‍. കോടതികളില്‍ ചീറ്റിപ്പോയ ലൗജിഹാദിന് അടക്കം ആധികാരികത നല്‍കാനുള്ള ശ്രമമാണ് സെന്‍കുമാര്‍ നടത്തിയതെന്നും കെ പി എ മജീദ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സെന്‍കുമാറിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പോപ്പുലര്‍ഫ്രണ്ടും ആവശ്യപ്പെട്ടു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News