എസ്എന്‍ ട്രസ്റ്റ് വേദിയില്‍ വെള്ളാപ്പള്ളിക്കെതിരെ പിണറായി
ശ്രീനാരായണ ധര്‍മത്തിന് വിപരീതമായാണ് പ്രസ്ഥാനം പോവുന്നതെന്ന് പിണറായി
എസ്എന്‍ ട്രസ്റ്റ് വേദിയില്‍ എസ്‍എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജ് പ്രവേശത്തിന് തലവരി പണം ചിലര്‍ വാങ്ങുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പിണറായി പറഞ്ഞു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈഴവ സമുദായത്തിന് വിലക്ക് കല്‍പിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ തിരിച്ചടിച്ചു.
പുനലൂര്‍ ശ്രീനാരായണ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിനടെയാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി വിമര്‍ശിച്ചത്. പ്രവേശത്തിന്റെ പേരില്‍ ചില മാനേജ്മെന്റുകള്‍ ലക്ഷങ്ങളാണ് വാങ്ങുന്നതെന്നും ഇത് അഴിമതിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നോക്കുമ്പോള്‍ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് വിപരീതമായാണ് സമൂഹം പോകുന്നത്. പരിപാടിയുടെ അധ്യക്ഷന്‍ വെള്ളാപ്പള്ളിയാണെന്നിരിക്കെ വെള്ളാപ്പള്ളിയുടെ പേര് പറയാന്‍ പോലും പിണറായി തയ്യാറായില്ല.
വിദ്യകൊണ്ട് പ്രബുദ്ധരാകുന്നു എന്ന് പറയുമ്പോള്‍ എങ്ങനെ പ്രബുദ്ധരാകുമെന്നു കൂടി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആലോചിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. എല്ലാ സര്‍ക്കാരുകളും ഈഴവ സമുദായത്തിന് വിലക്ക് കല്‍പിക്കുകയാണെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചു. വേദിയില്‍ അടുത്തിരുന്നെങ്കിലും പിണറായിയും വെള്ളാപ്പള്ളിയും പരസ്പരം സംസാരിച്ചില്ല എന്നതും ശ്രദ്ധേയമായി.