മൂന്നാറില്‍ കൈയ്യേറ്റകാരുടെ പട്ടിക തയ്യാറാകുന്നു
റവന്യൂ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ച് സര്‍വേ നടത്തിയാണ് കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്നത്. സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി അഞ്ചാം തീയതി റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു...
മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ഊര്‍ജിതമാക്കി. റവന്യൂ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ച് സര്‍വേ നടത്തിയാണ് കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്നത്. സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി അഞ്ചാം തീയതി റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്ന് ജനാധിപത്യ രാഷ്ട്രസഭനോതാവ് സികെ ജാനു മൂന്നാറില്‍ എത്തും.
മൂന്നാറിലെ കയ്യേറ്റവിഷയവുമായി ബന്ധപ്പെട്ട് ഏഴാം തീയതിയാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. ഈ യോഗത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം ജില്ലയിലെ കയ്യേറ്റക്കാരുടെ വിശദമായ പട്ടിക സമര്‍പ്പിക്കും. താലൂക്ക് തലത്തില്‍ തഹസില്‍ദാരെയാണ് കയ്യേറ്റക്കാരെ കണ്ടെത്താന്‍ നിയോഗിച്ചിരിക്കുന്നത്. പ്രാഥമിക പട്ടിക റവന്യൂ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. സര്‍വേ ഉള്‍പ്പെടെ നടത്തി പട്ടിക പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കാല റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് നടപടികള്‍. അഞ്ചാം തീയതി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നിയമവശങ്ങളെല്ലാം പരിശോധിച്ച് ഒഴിപ്പിക്കല്‍ നടപടികള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ റവന്യൂ മന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചു നീക്കിയതിന് ശേഷം കാര്യമായ ഒഴിപ്പിക്കല്‍ നടപടി ജില്ലയില്‍ നടന്നിട്ടില്ല. സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതിരോധവും നടപടികള്‍ വൈകാന്‍ കാരണമായി. സര്‍വകക്ഷിയോഗത്തിന് ശേഷമായിരിക്കും റവന്യൂ വകുപ്പിന്റെ വന്‍കിട കയ്യേറ്റകാര്‍ക്കെതിരായുള്ള നടപടികള്‍.