കൊച്ചി ജല മെട്രോയുടെ ജനറല്‍ കണ്‍സള്‍ട്ടന്‍സിയായി എയ്കോം കണ്‍സോര്‍ഷ്യത്തെ നിയമിച്ചു
ഡല്‍ഹിയിൽ ചേർന്ന കെഎംആര്‍എല്‍ ഡയറക്ടർ ബോർഡാണ് നിയമനത്തിന് അംഗീകാരം നൽകിയത്.
കൊച്ചി ജല മെട്രോയുടെ ജനറല്‍ കണ്‍സള്‍ട്ടന്‍സിയായി എയ്കോം കണ്‍സോര്‍ഷ്യത്തെ നിയമിച്ചു. ഡല്‍ഹിയിൽ ചേർന്ന കെഎംആര്‍എല്‍ ഡയറക്ടർ ബോർഡാണ് നിയമനത്തിന് അംഗീകാരം നൽകിയത്. പുതിയ പദ്ധതികൾക്ക് പിപിപി മോഡൽ വേണമെന്ന കേന്ദ്ര നിര്‍ദേശം കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ബാധകമാകില്ലെന്നും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.
ഏകീകൃത പൊതുഗതാഗത സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവപ്പായ വാട്ടര്‍ മെട്രോ പദ്ധതിയുടെ വിശദമായ പ്രൊജക്ട് തയ്യാറായിട്ടുണ്ടെങ്കിലും നിര്‍മ്മാണ പ്രവര്ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ജനറല്‍ കണ്‍സള്‍ട്ടന്‍സിയുടെ പരിശോധനയാണ് നിലവില്‍ ശേഷിക്കുന്നത്. ഇന്ന് ചേര്‍ന്ന് കെഎംആര്‍എല്‍ ഡയറക്ടർ ബോർഡ്, എയ്കോം കണ്‍സോര്‍ഷ്യത്തെ ജനറല്‍ കണ്‍സെല്‍ട്ടെന്‍സിയായി തെരഞ്ഞെടുത്തതോടെ നടപടിക്രമങ്ങള്‍ വേഗത്തിലായിരിക്കുകയാണ്.
എയ്കോം ഇന്ത്യ ലിമിറ്റ്, അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് , സിബെക്മറൈന്‍ കണ്‍സല്‍റ്റന്‍ഡ് സര്‍വീസ് എന്നീ മൂന്ന് കമ്പനികള്‍ ചേര്‍ന്നതാണ് കണ്‍സോര്‍ഷ്യം. ഇന്‍ഫോ പാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ടമെട്രോ നിര്‍മ്മാണത്തിനുള്ള അനുമതി ഉടെന്‍ ലഭിക്കുമെന്നും പുതിയ പദ്ധതികൾക്ക് പിപിപി മോഡൽ വേണമെന്ന കേന്ദ്ര നിർദ്ദേശം തടസ്സമാകില്ലെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തിൽ നഗര വികസന മന്ത്രാലയത്തിന് അനുകൂല നിലപാടാണുള്ളതെന്നും ഏലിയാസ് ജോർജ് കൂട്ടിച്ചേര്‍ത്തു.