സെന്‍കുമാര്‍ സര്‍ക്കാര്‍ തര്‍ക്കം മുറുകുന്നു
സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ അന്ന് നിയമിച്ച ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ നിയമനവും റദ്ദ് ചെയ്യപ്പെട്ടോയെന്നതിലാണ് വ്യക്തത തേടുന്നത്. ..
ഡിജിപി ടിപി സെന്‍കുമാറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന രേഖകള്‍ സെന്‍കുമാര്‍ നല്‍കിയതാണന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.
സെന്‍കുമാര്‍ സര്‍ക്കാര്‍ തര്‍ക്കം ഓരോ ദിവസവും മാറി മറിയുകയാണ്. പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടി ഉന്നയിച്ച രേഖകളെല്ലാം സെന്‍കുമാര്‍ നല്‍കിയതാണന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ നിന്ന് വിമര്‍ശം ഏല്‍ക്കേണ്ടി വന്നാലും നിയമനം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായത്. ഉത്തരവില്‍ വ്യക്തതതേടി ഇന്നുതന്നെ സുപ്രീംകോടതിയെ സമീപിക്കും.
സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ അന്ന് നിയമിച്ച ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ നിയമനവും റദ്ദ് ചെയ്യപ്പെട്ടോയെന്നതിലാണ് വ്യക്തത തേടുന്നത്. അതിനാല്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ സെന്‍കുമാര്‍ വിഷയം ചര്‍ച്ചയാവില്ലെന്നാണ് സൂചന. ഇന്ന് നിയമനം നല്‍കിയില്ലെങ്കില്‍ കോടതിലക്ഷ്യ ഹര്‍ജിയുമായി സെന്‍കുമാര്‍ മുന്നോട്ട് പോകും. വെള്ളിയാഴ്ചയാണ് ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത്.
ഇത് വീണ്ടും സര്‍ക്കാര്‍ സെന്‍കുമാര്‍ പോരാട്ടത്തിനാണ് കാരണമാവുക. സെന്‍കുമാറിന്റെ നിയമനം അതിനാല്‍ നീണ്ടുപോകാനാണ് സാധ്യത.