വിഴിഞ്ഞം കരാര്‍, സിഎജി റിപ്പോര്‍ട്ട് ഗൗരവമെന്ന് ഹൈക്കോടതി

Update: 2018-06-03 00:43 GMT
Editor : Subin
വിഴിഞ്ഞം കരാര്‍, സിഎജി റിപ്പോര്‍ട്ട് ഗൗരവമെന്ന് ഹൈക്കോടതി
Advertising

വിഴിഞ്ഞം തുറമുഖം കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണ് ലഭിക്കുകയെന്നും കോടതി...


വിഴിഞ്ഞം കരാറിലെ സി എ ജി റിപോര്‍ട്ട് അതീവ ഗൌരവതരമെന്ന് ഹൈക്കോടതി.കരാര്‍ കേരളത്തിന്‍റെ ഭാവിയെ ബാധിക്കുന്നതല്ലേയെന്നും കോടതി. സാന്പത്തികമായി എന്ത് നോട്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നത്. ഏകപക്ഷീയമായി കരാര്‍ ഓപ്പിട്ടതെന്തിനെന്നും കോടതി. സി എ ജി റിപോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

അദാനി ഗ്രൂപ്പുമായി എന്തായിരുന്നു ഇങ്ങനെയൊരു കരാര്‍ ഒപ്പിടുന്നതിന്റെ വാണിജ്യപരമായ പരിഗണനകളും നേട്ടങ്ങളുമെന്ന് ഹൈക്കോടതി. വിറ്റുതീര്‍ക്കുന്ന ഇങ്ങനെയൊരു കരാര്‍ എന്തിന് വേണ്ടിയായിരുന്നു. . തുടര്‍ന്ന് ഇതില്‍ ഇനി എന്താണ് ചെയ്യാനാവുകയെന്നും സിഎജി റിപോര്‍ട് പരിശോധിക്കാന്‍ രൂപീകരിച്ച ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാന താല്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം കെ സലിം സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

കരാര്‍ നടപ്പാവുന്ന ആദ്യ ദിനം മുതല്‍ അവസാന ദിനം വരെ സംസ്ഥാനസര്‍ക്കാരിന് നഷ്ടമുണ്ടാവുമെന്നാണ് സിഎജി റിപോര്‍ട് പറയുന്നത്. പദ്ധതി നടപ്പായി 40 വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന് 13947 കോടി രൂപയുടെ വരുമാനമാണുണ്ടാവുക. 40 വര്‍ഷം കഴിഞ്ഞ് കമ്പനി ഒഴിയുമ്പോള്‍ 19555 കോടി രൂപ അവര്‍ക്ക് നല്‍കണം. സംസ്ഥാന സര്‍ക്കാരിന് മൊത്തം ലഭിച്ച വരുമാനത്തേക്കാള്‍ 5608 കോടി രൂപ കൂടുതലാണിതെന്നാണ് സിഎജി പറയുന്നത്. റിപോര്‍ട് നിയമസഭയില്‍ വെച്ചപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍, വിരമിച്ച ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപികരിച്ചെന്നാണ് ഹരജിക്കാരന്‍ പറയുന്നത്.

ആറുമാസത്തിനകം റിപോര്‍ട് സമര്‍പ്പിക്കണമെന്നാണ് പറഞ്ഞിരുന്നത്. മതിയായ അടിസ്ഥാന സൗകര്യവും ഒന്നും ഇല്ലാത്തതിനാല്‍ നാലു മാസം ഒന്നും ചെയ്യാനായില്ലെന്നാണ് കമ്മിഷന്‍ പരസ്യമായി പ്രഖ്യാപിച്ചെന്നാണ് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിനുണ്ടാവുന്ന നേട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ കരാര്‍ പൂര്‍ണമായും വിറ്റുതീര്‍ക്കലാണെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാവുന്നതെന്നും കോടതി വാക്കാല്‍ പറഞ്ഞു. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News