യെച്ചൂരിക്കും മുഖ്യമന്ത്രിക്കും സിപിഎം സമ്മേളനത്തില്‍ വിമര്‍ശം

Update: 2018-06-03 10:54 GMT
Editor : Sithara
യെച്ചൂരിക്കും മുഖ്യമന്ത്രിക്കും സിപിഎം സമ്മേളനത്തില്‍ വിമര്‍ശം
Advertising

യെച്ചൂരിയുടെ നീക്കങ്ങൾ സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടാണെന്ന് ചില പ്രതിനിധികൾ വിമര്‍ശിച്ചു. ഓഖി ദുരന്ത സമയത്ത് സ്ഥലത്തെത്താന്‍ മുഖ്യമന്ത്രി വൈകിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രൈവറ്റ് സെക്രട്ടറി കുറ്റപ്പെടുത്തി.

സിപിഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ പൊതുചർച്ചയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മുഖ്യമന്ത്രി പിണറായി വിജയനും വിമർശം. യെച്ചൂരിയുടെ നീക്കങ്ങൾ സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടാണെന്ന് ചില പ്രതിനിധികൾ വിമര്‍ശിച്ചു. ഓഖി ദുരന്ത സമയത്ത് സ്ഥലത്തെത്താന്‍ മുഖ്യമന്ത്രി വൈകിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രൈവറ്റ് സെക്രട്ടറി കുറ്റപ്പെടുത്തി. അതേസമയം നെടുമങ്ങാട് മണ്ഡലത്തില്‍ സി ദിവാകരനെ തോൽപ്പിക്കാൻ സിപിഐ ജില്ലാ നേതാക്കൾ ഇടപെട്ടുവെന്നും ചർച്ചയിൽ വിമർശമുണ്ടായി.

Full View

ഇന്നലെ വൈകിട്ട് നടന്ന പൊതുചർച്ചയിൽ വിമർശമുണ്ടായതിന് പിന്നാലെയാണ് ഇന്ന് രാവിലെ നടന്ന ചർച്ചയിലും യെച്ചൂരിക്കെതിരെ കടുത്ത വിമർശങ്ങളുണ്ടായത്. അടവ് നയത്തിന്റെ കാര്യത്തിൽ 21ആം പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനം വ്യക്തമായിരുന്നു. എന്നിട്ടും അതിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നത് ചില പ്രത്യേക ലക്ഷ്യത്തോടെയാണെന്ന് എ എ റഹിം വിമർശിച്ചു. യെച്ചൂരിയുടെ നീക്കത്തിന് പിന്നിൽ എംപി സ്ഥാനം കിട്ടാത്തതിന്റെ നിരാശയാണെന്ന് കഴക്കൂട്ടത്ത് നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. ഓഖി ദുരന്ത സമയത്ത് സ്ഥലത്തെത്താന്‍ മുഖ്യമന്ത്രി വൈകിയെന്നും കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും കൃത്യമായി സ്ഥലത്തെത്തിയെന്നും കടകംപള്ളിയുടെ പേഴ്സണല്‍ സ്റ്റാഫായ കല്ലറ മധു വിമര്‍ശം ഉന്നയിച്ചു.

നെടുമങ്ങാട് സി ദിവാകരനെ തോൽപ്പിക്കാൻ സിപിഐക്കാർ ശ്രമിച്ചുവെന്ന് നെടുമങ്ങാട് നിന്നുള്ള പ്രതിനിധി വിമർശിച്ചു. ഇതിനായി ജി ആർ അനിൽ, വി പി ഉണ്ണികൃഷ്ണൻ, വേണുഗോപാൽ എന്നിവർ നെടുമങ്ങാട് ക്യാമ്പ് ചെയ്തെന്നും ഇതറിഞ്ഞ സി ദിവാകരൻ സിപിഎം നേതാക്കളെ ബന്ധപ്പെട്ടെന്നും പിന്നെ സിപിഎം ഇടപെട്ടാണ് സി ദിവാകരനെ ജയിപ്പിച്ചതെന്നും നെടുമങ്ങാട് നിന്നുള്ള ഹരികേഷൻ പറഞ്ഞു.

സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് കാനം രാജേന്ദ്രന്‍ ആണെന്നും സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ പരാജയമായതുകൊണ്ട് അത് ചര്‍ച്ചയാകാതിരിക്കാനാണ് സിപിഐ നേതാക്കള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ചില പ്രതിനിധികള്‍ വിമര്‍ശിച്ചു. പൊലീസിനെതിരേയും ധനമന്ത്രി തോമസ് ഐസകിനെതിരേയും ചർച്ചയിൽ വിമർശം ഉയർന്നിട്ടുണ്ട്. പൊതുചർച്ചക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറുപടി നൽകും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News