മദ്യനയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചരണ വിഷയമാകും
ഇടത് മുന്നണിക്ക് പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് വഴി തുറന്ന ബാര്‍ വിവാദം ചെങ്ങന്നൂരിലും മുഖ്യ വിഷയമാകുമെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു
സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യനയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമാകും. തീരുമാനത്തിനെതിരെ രംഗത്തെത്തിയ കെസിബിസി ഇക്കാര്യം പ്രഖ്യാപിച്ചുകഴിഞ്ഞു. സഭയുടെ ആരോപണത്തിന് മറുപടിയുമായി ഇടത് നേതാക്കളും രംഗത്തെത്തി.
ഇടത് മുന്നണിക്ക് പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് വഴി തുറന്ന ബാര്‍ വിവാദം ചെങ്ങന്നൂരിലും മുഖ്യ വിഷയമാകുമെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിനെതിരെ രംഗത്തെത്തിയ കത്തോലിക്ക സഭ മെത്രാന്‍ സമിതി ഇത് ചെങ്ങന്നൂരില്‍ മുഖ്യ പ്രചാരണ വിഷയമാക്കുമെന്ന് പ്രഖ്യാപിച്ചു. സഭാ ആസ്ഥാനത്ത് പ്രത്യേക സമ്മേളനം ചേരാനും കെസിബിസി തീരുമാനിച്ചു. മദ്യവര്‍ജ്ജനം പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കുകയാണ്.
സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉള്‍പെട്ട ചങ്ങനാശേരി അതിരൂപതയും സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്തെത്തി. മദ്യനയത്തിനെതിരായ വിമര്‍ശം പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്തെത്തി. വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്ന് മന്ത്രിമാരായ എ കെ ബാലനും മന്ത്രി ജി സുധാകരനും പറഞ്ഞു.
ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതികരണവും ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്നാണ് വിലയിരുത്തല്‍.