കണ്ണൂര്‍, കരുണ ബില്ലില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

Update: 2018-06-03 01:26 GMT
Editor : Sithara
കണ്ണൂര്‍, കരുണ ബില്ലില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകം
Advertising

ഓർഡിനൻസ് ബില്ലായി നിയമസഭ പാസാക്കിയത് കൊണ്ട് ഇതിൽ ഗവർണർ ഒപ്പിടുന്നതോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

കണ്ണൂർ, കരുണ മെഡിക്കൽ കൊളജുകളിലെ വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ഇന്ന് മന്ത്രിസഭാ യോഗം ചേരും. നിയമസഭ പിരിഞ്ഞ സാഹചര്യത്തിൽ ഓർഡിനൻസുകൾ പുതുക്കാനാണ് യോഗം ചേരുന്നതെങ്കിലും സുപ്രീംകോടതി ഉത്തരവ് ചർച്ച ചെയ്തേക്കും. ഓർഡിനൻസ് ബില്ലായി നിയമസഭ പാസാക്കിയത് കൊണ്ട് ഇതിൽ ഗവർണർ ഒപ്പിടുന്നതോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

Full View

നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ സാഹചര്യത്തിൽ ഓർഡിനൻസുകളുടെ കാലാവധി പുതുക്കി നൽകാനാണ് മന്ത്രിസഭാ യോഗം ചേരുന്നത്. ഇതിനൊപ്പം തന്നെ സർക്കാർ നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ചർച്ചക്ക് വന്നേക്കും. കണ്ണൂർ, കരുണ മെഡിക്കൽ കൊളജുകളിലെ 180 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. എന്നാൽ സർക്കാർ ഇറക്കിയ ഓർഡിനൻസാണ് കോടതി റദ്ദാക്കിയതെന്നും കോടതി ഉത്തരവിന് മുൻപ് തന്നെ ഓർഡിനൻസ് ബിൽ ആയി നിയമസഭ പാസാക്കിയത് കൊണ്ട് വലിയ പ്രതിസന്ധി ഉണ്ടാകില്ലെന്നുമാണ് ഭരണ നേതൃത്വത്തിന്റെ വിലയിരുത്തൽ. ബില്ലിൽ ഗവർണർ ഒപ്പിടുന്നതോടെ പ്രശ്ന പരിഹാരത്തിന്റെ വാതിൽ തുറക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

എന്നാൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ ഗവർണർ പരമോന്നത കോടതിയുടെ വിധിയെ മറികടന്ന് ബില്ലിൽ ഒപ്പിടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോടതി ഉത്തരവിന്റെ സാങ്കേതികത്വം പറഞ്ഞ് ഗവർണർ ഒപ്പിടാതെ ബിൽ തിരിച്ചയച്ചാൽ സർക്കാരിന് അത് ഇരുട്ടടിയാവും. ഭരണ മുന്നണിക്ക് പുറമെ യുഡിഎഫും ബിജെപിയും ബില്ലിനെ പിന്തുണച്ചത് കൊണ്ട് അസാധാരണ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വിധിയുടെ പകർപ്പ് കിട്ടിയ ശേഷം തുടർനടപടികൾ ആലോചിക്കുമെന്നാണ് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News