അവിഹിതബന്ധത്തിന് തടസം നിന്നതാണ് കൊലക്ക് കാരണമെന്ന് സൌമ്യയുടെ മൊഴി

Update: 2018-06-04 17:50 GMT
അവിഹിതബന്ധത്തിന് തടസം നിന്നതാണ് കൊലക്ക് കാരണമെന്ന് സൌമ്യയുടെ മൊഴി
അവിഹിതബന്ധത്തിന് തടസം നിന്നതാണ് കൊലക്ക് കാരണമെന്ന് സൌമ്യയുടെ മൊഴി
AddThis Website Tools
Advertising

മൂന്ന് പേരെയും കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി

കണ്ണൂര്‍ പിണറായിലെ ദുരൂഹ മരണങ്ങള്‍ കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ വണ്ണത്താന്‍ വീട്ടില്‍ സൌമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളെയും മകളെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നതെന്നാണ് അറസ്റ്റിലായ സൌമ്യയുടെ മൊഴി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Full View

രാവിലെ 10 മണിയോടെയാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൌമ്യയെ അന്വേക്ഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് തലശേരി റസ്റ്റ്ഹൌസിലെത്തിച്ച സൌമ്യയെ എ.എസ്.പി ചൈത്ര മരിയ തെരസയും അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രനും ചേര്‍ന്ന് ചോദ്യം ചെയ്തു.

എന്നാല്‍ ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ കുടുംബത്തിലുണ്ടായ മരണങ്ങളില്‍ അസ്വാഭാവികതയില്ലെന്ന നിലപാടാണ് സൌമ്യ സ്വീകരിച്ചത്. ഉച്ചയോടെ അന്വക്ഷണത്തിന്റെ മേല്‍നോട്ടം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. തൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി രഘുരാമന്റെ നേതൃത്വത്തിലുളള സംഘം തലശേരി റസ്റ്റ് ഹൌസിലെത്തി. ഇവര്‍ക്കൊപ്പം കണ്ണൂര്‍ ഡിവൈഎസ്‍പി പി.പി സദാനന്ദനും ചേര്‍ന്ന് സൌമ്യയെ വീണ്ടും ചോദ്യം ചെയ്തു.

സൌമ്യയുടെ വാട്ട്സ് ആപ്പ് വീഡിയോ കോളുകള്‍ അടക്കമുളള ശാസ്ത്രീയ തെളിവുകള്‍ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സ്വന്തം മകളെയും മാതാപിതാക്കളെയും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി കൊല്ലുകയായിരുന്നുവെന്ന് സൌമ്യ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെ സൌമ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തലശേരി വനിതാ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിട്ടുളള സൌമ്യയെ ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Full View

അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൌമ്യയുടെ മൊഴി. മൂന്ന് പേരെയും കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തിയാണ്. കൊലപാതക വിവരം കാമുകന്മാരെ അറിയിച്ചിരുന്നതായും സൌമ്യ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സംഭവത്തില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയിലായതായാണ് സൂചന.

പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലില്‍ മനുഷ്യ മനഃസാക്ഷിയെ പോലും നടുക്കുന്ന വെളിപ്പെടുത്തലുകളാണ് സൌമ്യ അന്വേഷണ ഉദ്യോഗസ്ഥരോട് നടത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൌമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് സൌമ്യയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അന്ന് രാത്രി സൌമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നല്കി. മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി.

ഐശ്വര്യയുടെ മരണശേഷവും പലരും സൌമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇതിന്റെ പേരില്‍ സൌമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാന്‍ സൌമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീന്‍ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലര്‍ത്തി നല്‍കിയാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങള്‍ സൌമ്യ കാമുകന്മാരെ ഫോണ്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.

കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൌമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാല്‍ കുഞ്ഞിക്കണ്ണന്റെലയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തില്‍ അലൂമിനിയം ഫോസ്ഫൈഡിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങള്‍ ബലപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Tags:    

Similar News