മഴക്കാലമായതോടെ പണിയില്ല; വയനാട്ടിലെ ആദിവാസികള്‍ പ്രതിസന്ധിയില്‍
കൂലിപ്പണി പ്രധാന വരുമാന മാര്‍ഗമായ ഇവര്‍ക്ക് മഴക്കാലത്ത് എവിടെയും പണി ലഭിക്കില്ല
മഴക്കാലത്തെ ഭീതിയോടെയാണ് എല്ലാകാലവും വയനാട്ടിലെ ആദിവാസികള്‍ നോക്കികാണുന്നത്. കൂലിപ്പണി പ്രധാന വരുമാന മാര്‍ഗമായ ഇവര്‍ക്ക് മഴക്കാലത്ത് എവിടെയും പണി ലഭിക്കില്ല. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന റേഷന്‍ അടക്കമുള്ള സൌജന്യങ്ങളാണ് ഇവര്‍ക്ക് ഏക ആശ്രയമാകുന്നത്.
2393 ആദിവാസി കോളനികളുണ്ട് വയനാട്ടില്‍. ഭൂരിഭാഗവും പണിയ വിഭാഗത്തിലുള്ളവരാണ്. മഴക്കാലത്തെ വെള്ളപ്പൊക്കത്തെയും രോഗത്തെയുമൊന്നുമല്ല ഇവര്‍ക്ക് പേടി. പട്ടിണിയെയാണ്. വരുന്ന മൂന്നു മാസത്തോളം ഇവര്‍ക്ക് എവിടെയും പണി ലഭിക്കില്ല. കൂലിപ്പണിക്കൊപ്പം തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികളുമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. മഴക്കാലത്ത് ഇവയെല്ലാം നില്‍ക്കും.
ജില്ലയിലെ ഭൂരിഭാഗം കോളനികളിലും ഒരു വീട്ടില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍ വീതമാണ് കഴിയുന്നത്. മഴക്കാലത്ത് ചില കോളനികളില്‍ നെല്‍കൃഷിക്ക് നിലമൊരുക്കുന്ന ജോലി ലഭിക്കും. അതും ദിവസങ്ങള്‍ മാത്രം. പിന്നീട് കോളനികള്‍ പട്ടിണിയിലാകും. മഴ കനക്കുന്നതോടെ കോളനികളിലെ കുടിവെള്ള ലഭ്യതയും കുറയും. മലിന ജലം ഉപയോഗിക്കുന്നതിനാല്, തന്നെ കോളനികളില്‍ പകര്‍ചവ്യാധികളും വര്‍ധിക്കും. മഴയത്ത് വീടുകളില്‍ വെള്ളം കയറുന്നതോടെ, ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെടുന്ന കുടുംബങ്ങളും ഏറെയുണ്ട് ഇക്കൂട്ടത്തില്‍.