കോട്ടയം മൂന്നിലവില്‍ ക്വാറി മാഫിയ പിടിമുറുക്കുന്നു
അന്തരീക്ഷ മലിനീകരണം രോഗങ്ങള്‍ക്ക് കാരണമാകുന്നു; ആകെയുള്ള റോഡ് തകര്‍ന്നു.
കോട്ടയം മൂന്നിലവ് വെള്ളറയില്‍ ക്വാറിമാഫിയകള്‍ പിടിമുറുക്കിയതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. അന്തരീക്ഷ മലിനീകരണം രോഗങ്ങള്‍ക്ക് കാരണമായപ്പോള്‍ ആകെയുള്ള റോഡും ക്വാറിയില്‍ നിന്നുള്ള വണ്ടികളുടെ ഓട്ടത്തില്‍ തകര്‍ന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് മൂന്നിലവുകാര്‍.
പരിസ്ഥിതി ലോല മേഖലയായ മൂന്നിലവ് വെള്ളറയില്‍ രണ്ട് ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്.1500ഓളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുമുണ്ട്. ഇവര്‍ക്ക് ആശുപത്രിയില്‍ അടക്കം പോകണമെങ്കില്‍ ഈയൊരു വഴിമാത്രമാണ് ഉള്ളത്. ക്വാറികളിലെ ലോറികള്‍ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങിയതോടെ റോഡ് താറുമാറായി. ഇപ്പോള്‍ ജീവന്‍ പണയം വെച്ച് വേണം ഇതിലെ സഞ്ചരിക്കാന്‍.
റോഡ് മാത്രമല്ല ക്വാറികളില്‍ നിന്ന് ഉയരുന്ന പൊടിപടലങ്ങളും വാഹനങ്ങള്‍ ഓടുബോള്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും പ്രദേശവാസികളെ രോഗികളാക്കി മാറ്റുകയാണ്. പരാതി നല്കിയിട്ടും പഞ്ചായത്ത് അധികാരികളടക്കമുള്ളവര്‍ നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.