ജിഷയുടെ വീട് പണി പുനരാരംഭിച്ചു
വീട് പണി പൂര്‍ത്തിയാകുമ്പോള്‍ ഉറച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂരയുണ്ടാകുന്നതും കിടപ്പുമുറിയുണ്ടാകുന്നതും സ്വപ്നം കണ്ട പെണ്‍കുട്ടി മാത്രം അവിടെ ഉണ്ടാകില്ലെന്ന ദുഃഖം മാത്രമാണ് അവശേഷിക്കുന്നത്.
സ്വന്തമായി സുരക്ഷിതമായൊരു വീട് എന്നതായിരുന്ന ജിഷയുടെ എക്കാലത്തെയും വലിയ സ്വപ്നം. ആ സ്വപ്നത്തിന് പുതുജീവന്‍ നല്‍കിക്കൊണ്ട് ജിഷയുടെ വീട് പണി പുനരാരംഭിച്ചു.
പെരുമ്പാവൂര്‍ മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ തൃക്കേപ്പാറ മലയാംകുളത്താണ് വീട് നിര്‍മാണം നടക്കുന്നത്. ജില്ലാ കലക്ടര്‍ ആരംഭിച്ച അക്കൌണ്ടില്‍ ലഭിച്ച പണം ഉപയോഗിച്ചാണ് വീട് പണി പുരോഗമിക്കുന്നത്. ജിഷ നടന്നുപോയ വഴിയാണിത്. പുതിയ വീട്ടിലേക്ക് അമ്മയുടെ കൈ ചേര്‍ത്ത് പിടിച്ച് നടക്കാന്‍ കൊതിച്ച വഴി. അമ്മയുമായി പിണങ്ങിപ്പിരിഞ്ഞ അച്ഛനെ കൂടെ കൂട്ടാന്‍ ഒരുക്കി വെച്ചയിടം.
വര്‍ഷങ്ങള്‍ നീണ്ട അപേക്ഷകള്‍ക്കും എഴുത്തുകുത്തുകള്‍ക്കും ശേഷം പട്ടികജാതി വിഭാഗത്തില്‍ പെടുത്തി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് ജിഷ വീടുപണി തുടങ്ങിയിരുന്നു.
വലിയ പ്രതീക്ഷയിലായിരുന്നു ആ പെണ്‍കുട്ടി. എന്നും വീടുപണി നടക്കുന്നയിടത്തേക്ക് ജിഷ വരും. പണിക്കാരുടെ കൂടെ നിന്ന് അധ്വാനിക്കും. പുതിയ അയല്‍ക്കാരോട് നേരത്തെ തന്നെ ചങ്ങാത്തത്തിലായിക്കഴിഞ്ഞിരുന്നു ജിഷ. ചെറിയ സഹായങ്ങള്‍ക്കായി എന്നും ഓടിയെത്തിയിരുന്നത് തൊട്ടപ്പറുത്തെ രാജമ്മച്ചേച്ചിയുടെ അടുത്തായിരുന്നു.
ഇന്ന് നിര്‍മിതി കേന്ദ്രയാണ് വീടുപണി ഏറ്റെടുത്തിരിക്കുന്നത്. അഞ്ച് സെന്‍റില്‍ അറുനൂറ്റിയിരുപത് ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 9 ലക്ഷം രൂപ ചിലവില്‍ പണിയുന്ന വീട്ടില്‍ രണ്ട് കിടപ്പു മുറികള്‍, ഒരു ഹാള്‍, അടുക്കള, കക്കൂസ് എന്നിവയാണുള്ളത്. രണ്ട് മാസത്തിനുള്ളില്‍ വീട് പണി പൂര്‍ത്തീകരിക്കുമെന്ന് നിര്‍മിതി കേന്ദ്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വീട് പണി പൂര്‍ത്തിയാകുമ്പോള്‍ ഉറച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂരയുണ്ടാകുന്നതും കിടപ്പുമുറിയുണ്ടാകുന്നതും സ്വപ്നം കണ്ട പെണ്‍കുട്ടി മാത്രം അവിടെ ഉണ്ടാകില്ലെന്ന ദുഃഖം മാത്രമാണ് അവശേഷിക്കുന്നത്.