ചെങ്ങോട്ടുമലയില്‍ ഡെല്‍റ്റാ ഗ്രൂപ്പിന് ഖനനാനുമതി നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്

Update: 2018-06-12 01:57 GMT
Editor : Jaisy
Advertising

ഖനനം തുടങ്ങിയാല്‍ പരിസ്ഥിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അസിസ്റ്റന്റ് കളക്ടറും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോട്ടുമലയില്‍ ഡെല്‍റ്റാ ഗ്രൂപ്പിന് ഖനനാനുമതി നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണന്ന് കോഴിക്കോട് ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട്. ഖനനം തുടങ്ങിയാല്‍ പരിസ്ഥിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അസിസ്റ്റന്റ് കളക്ടറും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഖനനാനുമതി നല്‍കിയ തീരുമാനം പുന:പരിശോധിക്കണമെന്ന് കോട്ടൂര്‍ വില്ലേജ് ഓഫീസറും,പഞ്ചായത്ത് സെക്രട്ടറിയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

Full View

പത്തനംതിട്ട ആസ്ഥാനമായുള്ള ഡെല്‍റ്റാ ഗ്രൂപ്പിന്റെ അപേക്ഷയില്‍ ഡിസ്ട്രിക്റ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റിയാണ് ഖനനത്തിന് അനുമതി നല്‍കിയത്.ഇതിനെതിരെയാണ് ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട്. ഖനനാമതി നല്‍കാനുള്ള കമ്മിറ്റിയിലുള്ള സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റിന്റെയും സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും വിദഗ്ധരില്ലാതെയാണ് പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വനം വകുപ്പിന്റെ പ്രതിനിധികളും ഇല്ലായിരുന്നു.അതിനാല്‍ പരിസ്ഥിതി പ്രാധാന്യവും മണ്ണിന്റേയും ജലത്തിന്റേയും പ്രാധാന്യമോ പരിഗണിച്ചിരുന്നില്ലന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖനനാമുതി നല്‍കിയത് പുന:പരിശോധിക്കണമെന്ന റിപ്പോര്‍ട്ട് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറും ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.

കൂടാതെ പ്രദേശത്തിന്റെ ആവാസ വ്യവസ്ഥ ഖനനത്തോടെ ഇല്ലാതാകുമെന്ന റിപ്പോര്‍ട്ട് കോട്ടൂര്‍ വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് ജൈവ വൈവിദ്ധ്യ പരിപാലന സമിതിയും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷെ ഈ റിപ്പോര്‍ട്ടുകളെല്ലാം അവഗണിച്ച് ഖനനാമതി നല്‍കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. കോഴിക്കോട് ജില്ലാ കളക്ടര്‍ ക്വാറി മാഫിയക്ക് ഒത്താശ ചെയ്യുന്നതുകൊണ്ടാണ് റിപ്പോര്‍ട്ടുകളുടേ മേല്‍ സര്‍ക്കാര്‍ നടപടികളൊന്നും എടുക്കാത്തതെന്നാണ് സമര സമിതിയുടെ ആക്ഷേപം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News