സംസ്ഥാനത്ത് മദ്യ വരുമാനം വർദ്ധിച്ചതായി എക്സൈസ് മന്ത്രി

എല്‍.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന് ശേഷം 282 ബിയർ - വൈൻ പാർലറുകൾക്ക് 3 സ്റ്റാർ ബാർ ലൈസെൻസ് നൽകിയതായും മന്ത്രി സഭയെ അറിയിച്ചു

Update: 2018-06-25 08:29 GMT
Advertising

സംസ്ഥാനത്ത് മദ്യ വരുമാനം വർദ്ധിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഓപ്പറേഷൻ കുബേര കാര്യക്ഷമമായി നടപ്പാക്കായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്‍.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 257 കൊള്ള പലിശക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. . മന്ത്രിമാരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതില്‍ പെരുമാറ്റച്ചട്ടം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Full View

സംസ്ഥാനത്ത് മദ്യവിൽപ്പനയുടെ വരുമാനം പ്രതിവർഷം വർധിക്കുന്നതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ ഹൈബി ഈടന്റെ ചോദ്യത്തിനു മറുപടിയായി സഭയെ രേഖാമൂലം അറിയിച്ചു. 2014 - 15 ൽ 8277 കോടിയായിരുന്നത് 15-16ൽ 9787 കോടിയും 16-17ൽ 10,353 ഉം 17-18 ൽ 11,024 കോടി രൂപയായിട്ടുമാണ് വരുമാനം വർധിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 99 ബാറുകൾക്ക് ലൈസെൻസ് നൽകി. എല്‍.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന് ശേഷം 282 ബിയർ - വൈൻ പാർലറുകൾക്ക് 3 സ്റ്റാർ ബാർ ലൈസെൻസ് നൽകിയതായും മന്ത്രി സഭയെ അറിയിച്ചു.

യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ഓപ്പറേഷൻ കുബേര കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ലെന്ന് എം .വിൻസെന്റിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2016ൽ 87 ഉം 17 ൽ 209 ഉം 18 ൽ 66 ഉം കൊള്ള പലിശക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും 257 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് മാധ്യമങ്ങളുമായി മന്ത്രിമാര്‍ ഇടപെടുന്നതില്‍ പെരുമാറ്റച്ചട്ടം കൊണ്ട് വരുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 108 സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ആക്കമിക്കപ്പെട്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 816 സി.പി.എം പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റെന്നും മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും സഭാംഗം പി.കെ ശശിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.

Tags:    

Similar News