വീണ്ടും രാഷ്ട്രീയ ചുവടുമാറ്റത്തിന് ഒരുങ്ങ് നിതീഷ് കുമാര്‍

പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിതീഷിനെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ്സ് മുന്‍കൈയില്‍ ആര്‍ജെഡിയുമായി ചര്‍ച്ചകള്‍  

Update: 2018-06-27 08:24 GMT
Advertising

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും രാഷ്ട്രീയ ചുവടുമാറ്റത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പൊതു തെരെഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ വിശാല സഖ്യത്തിലേക്ക് മടങ്ങാനുള്ള നീക്കം നടത്തുന്നതായാണ് വിവരം. പക്ഷേ നിതീഷുമായി ഇനി സഖ്യത്തിനില്ലെന്നും അദ്ദേഹത്തിന് മുന്നില്‍ വാതില്‍ എന്നന്നേക്കുമായി അടച്ചതാണെന്നും ആര്‍ ജെ ഡി പ്രതികരിച്ചു.

എന്‍ ഡി എ സഖ്യത്തില്‍ ഒരു വര്‍ഷം തികക്കും മുമ്പേയാണ് ബീഹാര്‍ ‌മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും പഴയപാളയത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നത്. ഭരണ കാര്യങ്ങളിലും മറ്റുമായി ബി ജെ പിയുമായി തുടക്കമുതലേയുണ്ടായിരുന്ന ഭിന്നത കഴിഞ്ഞ ആഴ്ച നടന്ന ലോക്സഭ സീറ്റ് വിഭജന ചര്‍ച്ചകളിലും പ്രകടമായിരുന്നു.

ഇതിന് പിന്നാലെ ഇന്നലെ ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിനെ നിതീഷ് കുമാര്‍ ഫോണില്‍ വിളിച്ചു. ഇതോടെയാണ് നിതീഷ് പ്രതിപക്ഷ ചേരിയിലേക്ക് മടങ്ങുകയാണെന്ന അഭ്യൂഹം ശക്തമായത്. എന്നാല്‍ നിതീഷിനെ ഒരു നിലക്കും ഇനി സ്വീകരിക്കില്ലെന്ന നിലപാടിലാണ് ആര്‍ ജെ ഡി നേത്വത്വം. നിതീഷിന് മുന്നില്‍ എല്ലാ വാതിലുകളും അടഞ്ഞെന്ന് പാര്‍‌ട്ടി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ള ലാലു പ്രസാദ് യാദവിന്റെ സുഖവിവരം വിളിച്ചന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് തെജസ്വി ടിറ്ററില്‍ കുറിച്ചു.

അതേസമയം പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിതീഷിനെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ്സ് മുന്‍കൈ എടുക്കുന്നതായാണ് വിവരം. ഇക്കാര്യത്തില്‍ ആര്‍ ജെ ഡിയുമായി ചര്‍ച്ചകള്‍ നടക്കുന്നതായും കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Tags:    

Similar News