ഫോര്‍മലിന്‍ ഭീതി: സംസ്ഥാനത്തെ മീന്‍വില കുത്തനെ ഇടിഞ്ഞു
ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ കേരളത്തിലേക്കെത്തുന്ന വാര്‍ത്തയോടെയാണ് മാര്‍ക്കറ്റുകളില്‍ ആളുകള്‍ കുറഞ്ഞത്. ഒരുവിഭാഗം മാത്രം നടത്തുന്ന തട്ടിപ്പില്‍ പട്ടിണിയാവുന്നത് സാധാരണ മത്സ്യത്തൊഴിലാളികളാണ്
രാസവസ്തുഭീതിയില്‍ സംസ്ഥാനത്തെ മത്സ്യകച്ചവടം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ വില്‍പ്പന മൂന്നിലൊന്നായാണ് കുറഞ്ഞത്. വാങ്ങിവെച്ച മത്സ്യങ്ങള്‍ കിട്ടുന്ന വിലക്ക് വിറ്റുതീര്‍ക്കുകയാണ് വ്യാപാരികള്‍.
കൊഴിയാളയെന്നാണ് ഈ മീനിന്റെ പേര്. മൂന്നുദിവസം മുമ്പ് കിലോക്ക് 200 രൂപ ലഭിച്ചിരുന്നു, തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ 100 രൂപയാണ് ഇന്ന് ഇതിന്റെ വില. 100 രൂപക്കും വിറ്റുപോയില്ലെങ്കില്‍ കിട്ടുന്ന വിലക്ക് വിറ്റുതീര്‍ക്കുകയാണ് കച്ചവടക്കാര്‍. അതിര്‍ത്തി കടന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ കേരളത്തിലേക്കെത്തുന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് മാര്‍ക്കറ്റുകളില്‍ ആളുകള്‍ കുറഞ്ഞത്.
കന്യാകുമാരി, പൂന്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ് തീരത്തുനിന്നുമാണ് പാളയം മാര്‍ക്കറ്റിലേക്ക് മീന്‍ എത്തിക്കുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇവിടെ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുമില്ല. ഒരുവിഭാഗം മാത്രം നടത്തുന്ന തട്ടിപ്പില്‍ സാധാരണ മത്സ്യത്തൊഴിലാളികളും ഇരകളാകുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു. പാളയം മാര്‍ക്കറ്റില്‍ ഒരുദിവസം 25 ലക്ഷം രൂപയുടെ കച്ചവടം നടന്നിരുന്നു. കഴിഞ്ഞ 3 ദിവസമായി 2 ലക്ഷം രൂപയുടെ കച്ചവടം പോലും നടക്കുന്നില്ല. കിട്ടുന്നവിലക്ക് മീന്‍ വിറ്റ്തീര്‍ക്കുക മാത്രമാണ് കച്ചവടക്കാര്‍ക്ക് മുന്നിലുള്ള പോംവഴി.
രാവിലെ 5 മണിക്ക് തുടങ്ങി രാത്രി 11ന് അവസാനിക്കുന്നത് വരെ തിരക്കുള്ള മാര്‍ക്കറ്റായിരുന്നു ഇത്. കഴിഞ്ഞ 3 ദിവസങ്ങളിലായി തിരക്ക് പകുതിയിലധികം കുറഞ്ഞു. വാങ്ങിവെച്ച മീനുകള്‍ എന്തുചെയ്യണമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍.