എയിംസ് കോഴിക്കോടേക്ക്; പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മലബാര്‍
നിപാ പോലുള്ള മഹാമാരികള്‍ എത്തിയപ്പോഴാണ് അത്യാധുനിക ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്‍റെ അനിവാര്യത കേരളം തിരിച്ചറിഞ്ഞത്.
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേരളത്തിന് അനുവദിക്കുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം മലബാറിന് പ്രതീക്ഷയാകുന്നു. കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ചികിത്സാരംഗത്ത് വലിയ കുതിപ്പേകുന്ന എയിംസ് കിനാലൂരില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
നിപാ പോലുള്ള മഹാമാരികള്‍ എത്തിയപ്പോഴാണ് അത്യാധുനിക ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്‍റെ അനിവാര്യത കേരളം തിരിച്ചറിഞ്ഞത്. ഏതായാലും ഈ സര്‍ക്കാരിന്‍റെ കാലത്തു തന്നെ എയിംസ് കേരളത്തിനനുവദിക്കുമെന്ന കേന്ദ്ര ആരോഗ്യ മന്ത്ര ജെ.പി നദ്ദയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് കോഴിക്കോട്കാര്‍ കാണുന്നത്. കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലുള്ള ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്തിന്‍റെ വികസനത്തിനും എയിംസിന്‍റെ വരവ് മുതല്‍കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പദ്ധതി നടപ്പാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. എയിംസ് കേരളത്തിനായി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയാല്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും കേന്ദ്രം പദ്ധതിക്ക് അംഗീകാരം നല്‍കുക.