എസ്എഫ്‌ഐക്കെതിരായ പരാമര്‍ശം, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടും
ജനാധിപത്യ വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐ അനുവദിക്കുന്നില്ലെന്നായിരുന്നു രാജുവിന്റെ പരാമര്‍ശം. രാജുവിനെ പിന്തുണച്ച് എഐഎസ്എഫ് എറണാകുളം ജില്ല കമ്മറ്റി രംഗത്തെത്തി.
എസ്എഫ്‌ഐക്കെതിരായ പരാമര്‍ശത്തില്‍ സിപിഐ എറണാകുളം ജില്ലാസെക്രട്ടറി പി രാജുവിനോട് പാര്‍ട്ടി വിശദീകരണം തേടും. ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. ജനാധിപത്യ വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐ അനുവദിക്കുന്നില്ലെന്നായിരുന്നു രാജുവിന്റെ പരാമര്‍ശം. രാജുവിനെ പിന്തുണച്ച് എഐഎസ്എഫ് എറണാകുളം ജില്ല കമ്മറ്റി രംഗത്തെത്തി.
ക്യാമ്പസുകളില്‍ ജനാധിപത്യ വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐ അനുവദിക്കുന്നില്ലെന്നും അതു കൊണ്ടാണ് വര്‍ഗീയ സംഘടനകള്‍ അവിടങ്ങളില്‍ പിടിമുറുക്കുന്നതെന്നുമായിരുന്നു സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു കഴിഞ്ഞ ദിവസം പറഞ്ഞത്. രാജുവിന്റെ നിലപാട് കാനം രാജേന്ദ്രന്‍ തന്നെ തള്ളിയതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവ് വിവാദ പരാമര്‍ശത്തില്‍ വിശദീകരണം തേടാന്‍ തീരുമാനിച്ചത്.
രാജുവിന്റെ നിലപാട് പാര്‍ട്ടി നിലപാടല്ലെന്നാണ് സിപിഐ വിശദീകരിക്കുന്നത്. പക്ഷെ പി രാജുവിനെ എഐഎസ്എഫ് എറണാകുളം ജില്ല കമ്മറ്റി പിന്തുണക്കുകയാണ്. ക്യാമ്പസുകളില്‍ ഏകാധിപത്യ പ്രവണത നിലനില്‍ക്കുന്നുണ്ടെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്‌ലഫ് പാറേക്കാടന്‍ മീഡിയവണിനോട് പറഞ്ഞു.
എന്നാല്‍ മഹാരാജാസ് കോളജില്‍ ഒരുവര്‍ഷമായി കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അസ്‌ലഫ് വ്യക്തമാക്കി. അഭിമന്യു കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.