ഖനന നിരോധത്തിന് പുല്ലുവില: കനത്തമഴയിലും കൊയിലാണ്ടി തങ്കമലയില്‍ വന്‍ ഖനനം- മീഡിയാവണ്‍ ഇന്‍വസ്റ്റിഗേഷന്‍
അനധികൃതഖനനം നടക്കുന്ന തങ്കമലയില്‍ പരിശോധന നടത്താന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം. മീഡിയവണ്‍ വാര്‍ത്തയെത്തുടര്‍ന്നാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കോഴിക്കോട് കലക്ടറോട് പരിശോധന നടത്താന്‍ ഉത്തരവിട്ടത്.
ഖനനം നിരോധിച്ചുള്ള റവന്യൂ വകുപ്പിന്റേയും, കോഴിക്കോട് ജില്ലാ കളക്ടറുടേയും ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് കനത്ത മഴയിലും കൊയിലാണ്ടി തങ്കമലയില്‍ വന്‍ ഖനനം. രാത്രിയും പകലും മലയില്‍ നിന്ന് പാറ പൊട്ടിച്ചിറക്കുന്നുണ്ട്. ഖനനത്തിന് നിരോധനമുള്ള ഈ സമയത്തും ഒരു ദിവസം 500-ലധികം ലോഡുകളാണ് ക്വറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത്. മീഡിയാവണ്‍ ഇന്‍വസ്റ്റിഗേഷന്‍.
കോഴിക്കോട് ജില്ലയിലെ ക്വാറികളില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് കട്ടിപ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാകളക്ടര്‍ ഉത്തരവിറക്കിയത്. പക്ഷേ അതൊന്നും ഇവര്‍ക്ക് ബാധകമേയല്ല. ഇരുട്ട് വീണാല്‍ ഉഗ്രസ്ഫോടനത്തോടെയുള്ള പാറപൊട്ടിക്കലാണ് നടക്കുന്നത്. എല്ലാ ദിവസവും ഒരു മണിക്കൂറോളം നീളുമത്. രാവിലെയും പറപൊട്ടിക്കുന്നുണ്ട്. പക്ഷെ ശബ്ദം പുറത്തേക്ക് വരില്ല.
നിരോധനമുള്ള സമയത്ത് പാറ പൊട്ടിക്കുന്നതിനെക്കാള്‍ വലിയ നിയമലംഘനമാണ് അനുമതിയില്ലാതെ കെമിക്കല്‍ ഉപയോഗിച്ച് പാറ പിളര്‍ത്തുന്നത്. ചെറുകിട ലൈസന്‍സിന്റെ മറവിലാണ് ഏക്കറുകണക്കോളം പാറ പൊട്ടിക്കുന്നത്. ഐസക്ക് ജേക്കബ് എന്നയാളുടെ പേരിലാണ് ക്വാറി.
തങ്കമലയില്‍ പരിശോധന നടത്താന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം
അനധികൃത ഖനനം നടക്കുന്ന തങ്കമലയില്‍ പരിശോധന നടത്താന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം. മീഡിയവണ്‍ വാര്‍ത്തയെത്തുടര്‍ന്നാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കോഴിക്കോട് ജില്ലാ കലക്ടറോട് പരിശോധന നടത്താന്‍ ഉത്തരവിട്ടത്. നിരോധന ഉത്തരവ് മറികടന്ന് എങ്ങനെ ഖനനം നടന്നുവെന്ന് പരിശോധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.