ജ്വല്ലറി കുത്തിത്തുറന്നത് കഞ്ചാവ് വാങ്ങാനുള്ള പണത്തിനു വേണ്ടി; കഞ്ചാവ് വേട്ടക്കിടെ കവര്‍ച്ചാ കേസ് പ്രതികള്‍ പിടിയില്‍

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടിയ പരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘത്തിന് നഗരത്തില്‍ ജൂണ്‍ 30ന് നടന്ന ജ്വല്ലറി മോഷണക്കേസിലെ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

Update: 2018-07-15 06:06 GMT
Advertising

കഞ്ചാവ് വേട്ടയ്ക്കിടെ ആലപ്പുഴയില്‍ പിടിയിലായത് ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതികള്‍. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടിയ പരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘത്തിന് നഗരത്തില്‍ ജൂണ്‍ 30ന് നടന്ന ജ്വല്ലറി മോഷണക്കേസിലെ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് വിവരം പൊലീസിന് കൈമാറുകയും അന്വേഷണ സംഘം പ്രതികളെ പിടികൂടുകയും ചെയ്തു.

രാത്രി 11 മണിയോടെയാണ് സജീര്‍, ഇജാസ് എന്നിവര്‍ പുന്നപ്രയിലെ സ്ഥാപനത്തില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആലപ്പുഴയില്‍ അറവുകാട് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും വിവിധ ജ്വല്ലറികളും കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ മുല്ലയ്ക്കലിലുള്ള സംഗീത ജ്വല്ലറി കുത്തിത്തുറന്ന് ഒരു കിലോഗ്രാമോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു.

പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് കഞ്ചാവ് മാഫിയയില്‍ നിന്ന് എക്സൈസ് സംഘത്തിനും അതുവഴി പൊലീസിനും മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിച്ചത്. കഞ്ചാവ് വാങ്ങാനുള്ള പണത്തിനു വേണ്ടിയാണ് ഇവര്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതിയായ ഇജാസിനെ കസ്റ്റഡിയിലെടുത്തു. ഇജാസ് നല്‍കിയ വിവരമനുസരിച്ച് ആഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച കാര്‍ത്തികപ്പള്ളി ചിങ്ങോലി സുധാവിലാസത്തില്‍ സുധ, രാകേഷ്, ആര്യാട് അയ്യങ്കാളി ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന സുധ എന്നിവരെയും പൊലീസ് പിടികൂടി. ഒന്നാം പ്രതി സജീറിനെ പിടികിട്ടിയിട്ടില്ല.

പ്രതികള്‍ കുഴിച്ചിട്ടിരുന്ന 960 ഗ്രാം ആഭരണവും പൊലീസ് കണ്ടെടുത്തു. വിറ്റ ആഭരണങ്ങളെക്കുറിച്ച് വിവരം ലഭിച്ചുവെന്നും ഉടന്‍ കണ്ടെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Full View
Tags:    

Similar News