ദുരിതപെയ്‍ത്തിന് നേരിയ ശമനം: ഇന്ന് രണ്ട് മരണം കൂടി

കെടുതി ശമനമില്ലാതെ തുടരുകയാണ്. താഴ്‍ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനിടയിലാണ്. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Update: 2018-07-17 08:31 GMT
Advertising

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് പേര്‍ മരിച്ചു. മഴക്ക് ശമനമുണ്ടെങ്കിലും താഴ്‍ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനിടയിലാണ്. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മഴയ്ക്ക് ശമിച്ചു. പക്ഷേ ദുരിതപെയ്‌‍ത്ത് വരുത്തി വെച്ച കെടുതി ശമനമില്ലാതെ തുടരുകയാണ്. കാലവര്‍ഷക്കെടുതിയില്‍ ഇന്ന് രണ്ട് മരണം കൂടിയുണ്ടായി. മലപ്പുറം മേലാറ്റൂരിൽ പാടവരമ്പിൽ എരുതൊടി നാരായണൻ മരിച്ചത്, പൊട്ടി വീണ കമ്പിയില്‍ നിന്ന് ഷോക്കേറ്റാണെങ്കില്‍ കോട്ടയം മുണ്ടക്കയത്തെ ദീപുവിന്റെ ജീവനെടുത്തത് നിറഞ്ഞൊഴുകിയ പുഴയുടെ കുത്തൊഴുക്കാണ്. ഇന്നലെയാണ് ഇയാളെ ഒഴുക്കില്‍പെട്ട് കാണാതായത്. കോട്ടയം ജില്ലയിലാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്.

ഇന്നലെ പൂഞ്ഞാര്‍ തീക്കോയി എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയത് താഴ്‍ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. നൂറോളം ദുരിതാശ്വസ ക്യാമ്പുകള്‍ തുറന്നു. താഴ്‍ന്ന പ്രദേശങ്ങളായ കുമരകം, അയ്മനം തുടങ്ങിയ സ്ഥലങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.

Full View

കൊച്ചി കളമശേരി എച്ച്എംടി കോളനിയിലെ വീടുകളില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം കയറിയതോടെ 20 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചെല്ലാനത്തും, വൈപ്പിനിലും കടലാക്രമണം രൂക്ഷമായതോടെ 400ലധികം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്.

ഇടുക്കി ജില്ലയില്‍ 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മുല്ലപ്പെരിയാര്‍ ‍ഡാമില്‍ ജലം 131 അടി പിന്നിട്ടു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം ഇപ്പോഴും തുടരുകയാണ്.

കുട്ടനാട്ടിൽ ആയിരത്തിലധികം ഏക്കർ കൃഷിയിടങ്ങളിലെ കൃഷി ഇതിനകം പൂർണമായി നശിച്ചു. ഇന്ന് രാവിലെയും ചമ്പക്കുളം പഞ്ചായത്തിലെ രണ്ട് പാടശേഖരങ്ങളിൽ മട വീഴ്ചയുണ്ടായി.വയനാട്ടില്‍ മഴക്കെടുതിയില്‍ ഇന്നലെ മാത്രം 9 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ നിലവില്‍ 22 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.

Tags:    

Similar News