ലോറി സമരത്തിനിടെ കല്ലേറ്; ക്ലീനര്‍ കൊല്ലപ്പെട്ടു
വാളയാര്‍ ചെക്പോസ്റ്റിലായിരുന്നു കല്ലേറ്. കോയമ്പത്തൂര്‍ മേട്ടുപാളയം സ്വദേശി മുബാറക് ബാഷയാണ് (29) മരിച്ചത്. കൊച്ചിയിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്.
ലോറി സമരം തുടരുന്നതിനിടെ പാലക്കാട് കഞ്ചിക്കോട് ചരക്ക് ലോറിക്ക് നേരെയുണ്ടായ കല്ലേറിൽ ക്ലീനർ മരിച്ചു. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്നും ചങ്ങനാശേരിയിലേക്ക് പച്ചക്കറിയുമായി വന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. സമരാനുകൂലികളാണ് കല്ലെറിഞ്ഞതെന്ന് ലോറി ഉടമ പറഞ്ഞു. പാലക്കാട് കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ചങ്ങനാശേരി, മല്ലപ്പള്ളി ഭാഗങ്ങളിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിക്ക് നേരെയായിരുന്നു കല്ലേറ്. ബൈക്കിലും കാറിലുമെത്തിയ 15 അംഗ സംഘം ലോറി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ പറഞ്ഞു. കല്ലേറിൽ കൈക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ മുബാറക് ബാഷയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമരാനുകൂലികളാണ് കല്ലെറിഞ്ഞതെന്ന് ലോറി ഉടമ പറഞ്ഞു.
കഴിഞ്ഞ ഇരുപതാം തീയതിയാണ് ലോറി ഉടമകൾ രാജ്യവ്യാപകമായി സമരം ആരംഭിച്ചത്. സമരാനുകൂലികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ വ്യക്തമാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം മുബാറക് ബാഷയുടെ മൃതദേഹം സ്വദേശമായ മേട്ടുപ്പാളയത്തേക്ക് കൊണ്ടുപോകും.