മൂന്നാര്‍ ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം
ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്ന രീതിയിലല്ല ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിയമസഭയുടെ സബ്ജറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
മൂന്നാര്‍ ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം. ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്ത് വിവരം വെളിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
മൂന്നാറിലെ കയ്യേറ്റ കേസുകള്‍ പരിഗണിക്കാന്‍ 2011 ലാണ് മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണല്‍ ആരംഭിച്ചത്. എന്നാല്‍ ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം 42 കേസുകള്‍ മാത്രമാണ് ഇതുവരെ ട്രിബ്യൂണല്‍ തീര്‍പ്പാക്കിയത്. ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്ന രീതിയിലല്ല ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിയമസഭയുടെ സബ്ജറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം.
നിലവിലുളള കേസുകള്‍ കൈമാറ്റം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും സംബന്ധിച്ച് വിശദമായ നടപടിക്രമം പിന്നീട് പുറപ്പെടുവിക്കും. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്‍റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. 2310 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടേയും, മന്ത്രിമാരുടേയും കുടുംബാംങ്ങളുടേയും സ്വത്ത് വിവരം വെളിപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ വെബ്സൈറ്റില്‍ സ്വത്ത് വിവരം പ്രസിദ്ധീകരിക്കും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഗവര്‍ണറെ സ്വത്ത് വിവരങ്ങള്‍ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കാലവര്‍ഷക്കെടുതിയും മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനക്ക് വന്നു. മഴക്കെടുതിയുടെ നഷ്ടം പൂര്‍ണമായും വിലയിരുത്തിയ ശേഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത്. കുട്ടനാടിന് പ്രത്യേക പാക്കേജ് അടക്കമുള്ള കാര്യങ്ങള്‍ അടുത്ത മന്ത്രിസഭായോഗം പരിഗണിച്ചേക്കും.
സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ ഫലപ്രദമായ ശുചീകരണം നടത്തുന്നതിന് സ്വന്തം ഫണ്ട് തികയാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വരെ കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം അനുവദിക്കാന്‍ തീരുമാനിച്ചു.