അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍
വീടും ചുറ്റുമതിലുമടക്കം ദേശീയപാതയിലേക്ക് ഒഴുകിപ്പോകുന്നതാണ് പുലര്‍ച്ചെ മൂന്നുമണിക്ക് ഭീകരശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികള്‍ കണ്ടത്.
ഒരു കുടുംബത്തിലെ അഞ്ചുപേരാണ് ഇടുക്കി അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചത്. വീടും ചുറ്റുമതിലുമടക്കം ദേശീയപാതയിലേക്ക് ഒഴുകിപ്പോകുന്നതാണ് പുലര്‍ച്ചെ മൂന്നുമണിക്ക് ഭീകരശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികള്‍ കണ്ടത്.
അടിമാലി എട്ടുമുറിയില്‍ കൊച്ചി -ധനുഷ്കോടി ദേശീയപാതയോരത്താണ് ഒരു കുടംബത്തെ ഒന്നാകെ വിഴുങ്ങിയ മണ്ണിടിച്ചിലുണ്ടായത്. വീടും ചുറ്റുമതിലുമടക്കം ദേശീയപാതയിലേക്ക് ഒഴുകിപ്പോയി. കുടുംബനാഥനായ ഹസന്‍കോയയെ മാത്രമാണ് രക്ഷപ്പെടുത്താനായത്.
ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, മുജീബിന്റെ ഭാര്യ ശമീന, മുജീബിന്റ രണ്ടുമക്കള്‍ എന്നിവരാണ് മരിച്ചത്. ഇടുക്കിയില്‍ ഇന്നലെ മുതല്‍ ആരംഭിച്ച ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇവരടക്കം 13 പേരാണ് മരിച്ചത്.
ഹസ്സന്‍കോയയുടെ കാറടക്കം പത്തിലേറെ വാഹനങ്ങളും വീടിനോടൊപ്പം മണ്ണിനടിയിലായി. പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. അപകടമറിഞ്ഞ് അയല്‍വാസികള്‍ ഓടിക്കൂടിയെങ്കിലും ദുര്‍ഘടമായ കാലാവസ്ഥ കാരണം രക്ഷാദൌത്യം വൈകി.