കേരളത്തിനായി വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല: മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍

മുന്‍ വിദേശകാര്യ സെക്രട്ടറിമാരായ നിരുപമ റാവുവും ശിവശങ്കര്‍ മേനോനുമാണ് ദുരിതാശ്വാസ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയത്.

Update: 2018-08-23 11:35 GMT
Advertising

കേരളത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍. മുന്‍ വിദേശകാര്യ സെക്രട്ടറിമാരായ നിരുപമ റാവുവും ശിവശങ്കര്‍ മേനോനുമാണ് ദുരിതാശ്വാസ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയത്.

"ഗള്‍ഫിലുള്ള 80 ശതമാനം ഇന്ത്യക്കാരും മലയാളികളാണ്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ദുരിതാശ്വാസ വാഗ്ദാനങ്ങള്‍ അവബോധത്തോടെ കൈകാര്യം ചെയ്യണം. നിരസിക്കല്‍ എളുപ്പമാണ്. പക്ഷേ പ്രതിസന്ധിയില്‍ നില്‍ക്കുന്ന കേരളത്തെ സംബന്ധിച്ച് നിരസിക്കല്‍ എളുപ്പമല്ല", നിരുപമ റാവു ട്വീറ്റ് ചെയ്തു.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസത്തിന് സഹായം സ്വീകരിക്കാന്‍ 2004ലെ നയം തടസ്സമല്ലെന്ന് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര്‍ മേനോന്‍ പറഞ്ഞു. വീടുകള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ പുനര്‍നിര്‍മാണത്തിന് സഹായം സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു പറയുന്നത് ദുരന്തമുണ്ടാകുമ്പോള്‍ ലഭിക്കുന്ന സഹായവും അല്ലാത്തപ്പോഴുള്ള സഹായ വാഗ്ദാനവും വേറിട്ട് കാണണമെന്നാണ്. മനുഷ്യത്വപരമായ സമീപമാണ് വേണ്ടത്. മാത്രമല്ല കേരള -ഗള്‍ഫ് ബന്ധം അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News