വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് മുരളീധരന്‍, ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് വിവാദം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ടി.പി രാമകൃഷ്ണന്‍
ജുഡീഷ്യല്‍ അന്വേഷണത്തിന് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരന്‍ എം.എല്‍.എം പറഞ്ഞു
ഡാം തുറന്നതില്‍ കെ.എസ്.ഇ.ബിക്ക് പാളിച്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. മഴ കനക്കുമെന്ന് പ്രതീക്ഷിച്ചില്ല. പ്രതിപക്ഷ നേതാവ് അനാവശ്യ വിവാദമുണ്ടാക്കുകയാണ്. ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രളയം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ രാഷ്ട്രിയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ അർത്ഥശൂന്യം ആണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് വിവാദം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇപ്പോഴത്തെ യോജിപ്പിനെ വിവാദങ്ങള്‍ സ്വാധീനിക്കില്ല. നിപാ വൈറസ് കാലത്തെ യോജിപ്പ് ആരും മറക്കരുതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
എന്നാല്‍ ഡാമുകള്‍ തുറന്നുവിട്ടത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം. ജുഡീഷ്യല്‍ അന്വേഷണത്തിന് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരന്‍ എം.എല്‍.എം പറഞ്ഞു. വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും മുരളീധരന്‍ പറഞ്ഞു.