സംസ്ഥാനത്തെ പ്രളയബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു
പാര്‍ട്ടിഅധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാനായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി.
സംസ്ഥാനത്തെ പ്രളയബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാനായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി. ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.30ഓടെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെത്തിയ രാഹുല്‍ ഗാന്ധി അവിടത്തെ ദുരിതാശ്വാസ ക്യാമ്പും എഞ്ചിനീയിംഗ് കോളേജ്, എടനാട് എന്നിവിടങ്ങളിലെ ക്യാമ്പുകളും സന്ദര്‍ശിച്ചു. ക്യാമ്പംഗങ്ങളുമായി അല്പനേരം രാഹുല്‍ സംവദിക്കുകയും ചെയ്തു. പിന്നീട് മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ആറന്മുളയുടെ ക്യാമ്പും സന്ദര്‍ശിച്ച ശേഷമാണ് ആലപ്പുഴയിലേക്ക് തിരിച്ചത്. ആലപ്പുഴയില്‍ ആദ്യം മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലാണ് പങ്കെടുത്തത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ദൈവത്തിന്റെ സ്വന്തം സൈനികര്‍ക്ക് സ്വന്തം മന്ത്രാലയവുമുണ്ടാവുമെന്നായിരുന്നു ചടങ്ങില്‍ രാഹുലിന്റെ വാഗ്ദാനം. ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതുള്‍പ്പെടെ കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും ദുരിതാശ്വാസ പദ്ധതികള്‍ക്കും രാഹുല്‍ തുടക്കം കുറിച്ചു. ആലപ്പുഴ ലിയോതേര്‍ട്ടിന്‍ത്ത് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കൂടി സന്ദര്‍ശിച്ചാണ് രാഹുല്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയത്.