പ്രളയക്കെടുതിയില്‍ വൈക്കോലും തീറ്റപ്പുല്ലും നശിച്ചു: ദുരിതകാലം തിരിച്ചുതന്ന പശുക്കളെക്കൂടി വില്‍ക്കാനൊരുങ്ങി ക്ഷീരകര്‍ഷകര്‍
പ്രളയത്തിലകപ്പെട്ടും തൊഴുത്ത് ഇടിഞ്ഞുവീണും 116പശുക്കളും 19 എരുമകളും ആറ് പശുക്കുട്ടികളും ചത്തതായാണ് ഔദ്യോഗിക കണക്ക്. 20ടണോളം വൈക്കോല്‍ ഒലിച്ചുപോയി. 420 ഹെക്ടര്‍ സ്ഥലത്തെ തീറ്റപ്പുല്‍കൃഷി നശിച്ചു
കാലവര്‍ഷക്കെടുതിയില്‍ നടുവൊടിഞ്ഞ് വയനാട്ടിലെ ക്ഷീരകര്‍ഷകര്‍. കനത്തമഴയില്‍ ജില്ലയിലെ ക്ഷീരമേഖലയില്‍ ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. പാല്‍ ഉല്‍പാദനത്തിലും വലിയ കുറവാണ് ജില്ലയിലുണ്ടായിരിക്കുന്നത്.
കാലവര്‍ഷക്കെടുതിയില്‍ ക്ഷീര മേഖലയില്‍ വലിയ നഷ്ടങ്ങളാണ് ജില്ലയിലുണ്ടായിരിക്കുന്നത്. കാലവര്‍ഷത്തില്‍ വെള്ളത്തിലകപ്പെട്ടും തൊഴുത്ത് ഇടിഞ്ഞ് വീണും 116 പശുക്കളും 19 എരുമകളും ആറ് പശുക്കുട്ടികളും ചത്തതായാണ് ഔദ്യോഗിക കണക്ക്. 222 തൊഴുത്തുകള്‍ പൂര്‍ണമായും തകര്‍ന്നു.
കര്‍ഷകര്‍ ശേഖരിച്ച് വെച്ചിരുന്ന 20 ടണോളം വൈക്കോല്‍ മഴയില്‍ ഒലിച്ച് പോയി. മഴ കനത്തതോടെ കര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിക്കുന്നതിനും ശേഖരിച്ച പാല്‍ വിറ്റഴിക്കാന്‍ സാധിക്കാത്ത അവസ്ഥയും പാല്‍ സൊസൈറ്റികള്‍ക്കുണ്ടായി. ഇത് ക്ഷീരകര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ അവസ്ഥയും നിലനില്‍ക്കുന്നു.
കനത്തമഴയില്‍ വെള്ളം കയറി 420 ഹെക്ടര്‍ സ്ഥലത്തെ തീറ്റപ്പുല്‍ കൃഷി പൂര്‍ണമായും നശിച്ചു. നിലവില്‍ പലമേഖലയിലും ചളികെട്ടികിടക്കുന്നതിനാല്‍ പശുക്കള്‍ക്കാവശ്യമായ തീറ്റപ്പുല്‍ ശേഖരിക്കാനും കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. പല കര്‍ഷകരും പശുക്കളെ കിട്ടിയ വിലക്ക് വില്‍ക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്.
ക്ഷീര മേഖലയിലെ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തിലധികം സമയമെടുക്കുമെന്നാണ് മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. ക്ഷീരമേഖലയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.