കാരക്കാമലയിലെ വിശ്വാസികള്‍ പ്രതിഷേധിച്ചു; സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു
സിസ്റ്ററിനെതിരായി നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് അടിയന്തര പാരിഷ് യോഗം കാരക്കാമലയില്‍ ചേര്‍ന്നിരുന്നു.
കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു. വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്. സിസ്റ്ററിനെതിരായി നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് അടിയന്തര പാരിഷ് യോഗം കാരക്കാമലയില്‍ ചേര്‍ന്നിരുന്നു.
സഭ ചുമതലകളില്‍ നിന്ന് നീക്കിയ സിസ്റ്റര്‍ ലൂസിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹം രംഗത്തുവന്നിരുന്നു. പലവിധ കാരണങ്ങളാല്‍ സിസ്റ്റര്‍ ലൂസി നേരത്തെ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. സിസ്റ്റര്‍ ലൂസിയുടേത് സന്യാസ നിയമങ്ങള്‍ക്ക് ചേരാത്ത നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ്. എന്നാല്‍ സന്യാസ നിയമ ലംഘനങ്ങളുടെ പേരില്‍ കോണ്‍ഗ്രിഗേഷന്‍ ഒരു വിശദീകരണവും തേടിയിട്ടില്ലെന്നും സിസ്റ്ററെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഫ്രാന്‍സിസ്കന്‍ സന്യാസ സമൂഹത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് ഇടവക വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചത്. യോഗം തുടങ്ങിയ സമയത്ത് തന്നെ വിശ്വാസികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണുണ്ടായത്. പലതവണ വിശ്വാസികള്‍ യോഗം നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറി. ഇടവക വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് സിസ്റ്റര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചതായി പള്ളിവികാരി അറിയിച്ചത്. നടപടി പിന്‍വലിച്ചതറിഞ്ഞ് പള്ളിയിലെത്തിയ സിസ്റ്ററെ ഹര്‍ഷാരവത്തേടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. അതേസമയം തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഇടവക വിശ്വാസികളുടെ ആവശ്യ പ്രകാരമാണ് സിസ്റ്ററെ ചുമതലയില്‍ നിന്ന് മാറ്റിയതെന്ന തരത്തില്‍ നേതൃത്വം പത്രകുറിപ്പിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധമുടലെടുത്തത്. ഇതിനെ തുടര്‍ന്നാണ് ഇന്നലെ അടിയന്തിര യോഗം ചേര്‍ന്നത്.