ശബരിമല സ്ത്രീ പ്രവേശനവിധിക്കെതിരായ പുനഃപരിശോധ ഹരജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ശബരിമല വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ വേഗത്തില്‍ പരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഹര്‍ജി ലിസ്റ്റ് ചെയ്യൂ എന്നും കോടതി വ്യക്തമാക്കി.

Update: 2018-10-09 07:32 GMT
Advertising

ശബരിമല വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ വേഗത്തില്‍ പരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ ഉന്നയിച്ച ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍‌ ഗൊഗോയ് ആണ് തള്ളിയത്. സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഹര്‍ജി ലിസ്റ്റ് ചെയ്യൂ എന്നും കോടതി വ്യക്തമാക്കി.

ശബരിമല വിധിക്കെതിരെ ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ ഇന്നലെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനായി ഇന്ന് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.

16ാം തീയ്യതി തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ നട തുറക്കാനിരിക്കുകയാണ്. അതിനാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണം. തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടണം. 12ാം തീയ്യതി മുതല്‍ കോടതിയും അവധിയില്‍ പ്രവേശിക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ മാത്യൂ നെടുമ്പാറ പറഞ്ഞു. കോടതി അടച്ചാല്‍ തുറക്കില്ലേ എന്നായിരുന്നു ഈ ആവശ്യത്തോടുള്ള ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. സാധാരണയുള്ള നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഹര്‍ജി പരിഗണിക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറ‍ഞ്ഞു.

Full View

കേസില്‍ നേരത്തെ കക്ഷി അല്ലാത്തവരാണ് ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍. അതുകൊണ്ട് തന്നെ ഇവരുടെ ആവശ്യം വ്യാജമാണെന്നും അംഗീകരിക്കരുതെന്നും കേസില്‍ കക്ഷിയായിരുന്ന ശബരിമല ആചാരണ സംരക്ഷണ ഫോറം ചൂണ്ടിക്കാട്ടി.

Tags:    

Similar News