ആശ്രമത്തെയല്ല, സ്വാമി സന്ദീപാനന്ദഗിരിയെ നശിപ്പിക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി 

സന്ദീപാനന്ദഗിരിയുടെ വീട് ആക്രമിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നായിരുന്നു ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിന്റെ പ്രതികരണം. സി.സി.ടി.വി ഓഫായി കിടന്നത് ഇതിന് തെളിവാണ്.

Update: 2018-10-27 06:41 GMT
Advertising

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേർക്ക് നടന്ന ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ശേഷം സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആക്രമിക്കപ്പെട്ട ആശ്രമം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുറ്റവാളികള്‍ ആരായാലും കണ്ടെത്തുമെന്ന് ആശ്രമം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതക്കെതിരെ നിലപാടെടുത്ത സ്വാമിയെ നശിപ്പിക്കാനാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു അദ്ദേഹം. മതനിരപേക്ഷ മനസ്സ് സ്വാമിക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Full View

ഇന്ന് കണ്ണൂരിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ സന്തോഷിപ്പിക്കുന്നതിനാണ് സന്ദീപാന്ദയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണമെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്. ആക്രമണം സാംസ്കാരിക ഫാഷിസമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

സന്ദീപാനന്ദഗിരിയെ വകവരുത്തുകയെന്ന ഉദ്ദേശത്തോടെയാണ്‌ ആശ്രമം ആക്രമിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതനിരപേക്ഷ ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ സംഘപരിവാര്‍ എന്ത്‌ ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവാണ്‌ സംഭവം. പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. തകര്‍ന്നുപോയ ആശ്രമം പുനര്‍നിര്‍മ്മിക്കാന്‍ മതനിരപേക്ഷകാംക്ഷികളുടെ സഹായമുണ്ടാകുമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

സ്വാമി സന്ദീപാനന്ദഗിരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്റലിജന്‍സ് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.. സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.. സംഘപരിവാര്‍ നടത്തിയ ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണമെന്നും വി. എസ് പറഞ്ഞു.

സന്ദീപാനന്ദഗിരിക്കെതിരെ നടന്നത് ഫാഷിസ്റ്റ് ആക്രമണമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന്‍. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഈ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിച്ച ശേഷം മുല്ലപ്പള്ളി പറഞ്ഞു.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണത്തില്‍ കര്‍ശന നടപടിയെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റയും പ്രതികരിച്ചു. തിരുവനന്തപുരം കമ്മീഷണര്‍ സി. പ്രകാശിനാണ് അന്വേഷണ ചുമതല. കമ്മീഷണറോട് സ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടെന്നും ഡി.ജി.പി അറിയിച്ചു.

ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു. കന്‍റോണ്‍മെന്‍റ് എസ്പിക്കായിരുക്കും അന്വേഷണ ചുമതലയെന്നും പ്രകാശ് അറിയിച്ചു

സന്ദീപാനന്ദഗിരിയുടെ വീട് ആക്രമിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നായിരുന്നു ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിന്റെ പ്രതികരണം. സിസിടിവി ഓഫായി കിടന്നത് ഇതിന് തെളിവാണ്. സര്‍ക്കാറിനെതിരായ വിശ്വാസികളുടെ പ്രതിഷേധം വഴിതിരിച്ചുവിടുന്നതിനായാണ് ആക്രമണം നടത്തിയതെന്നും കൃഷ്ണദാസ് കണ്ണൂരില്‍ പറഞ്ഞു.

Full View
Tags:    

Similar News