ശബരിമല സുവര്‍ണാവസരം: ശ്രീധരന്‍ പിളളക്കെതിരെ കേസെടുക്കണമെന്ന് കെ. മുരളീധരന്‍
ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍ തന്ത്രി രാജീവ് കണ്ഠരരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചു. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരൻ പിള്ളയുടെ വിവാദ പ്രസംഗത്തിൽ കേസെടുക്കാൻ സാധ്യത. നിയമോപദേശത്തിനനുസരിച്ചായിരിക്കും തുടര്‍നടപടി. ശ്രീധരന്‍ പിളളക്കെതിരെ കേസെടുക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. നട അടക്കുന്നതിനായി തന്ത്രി വിളിച്ചെന്ന ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടി.
ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ മുഖ്യപങ്കുവഹിച്ച ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. സമാന ആവശ്യം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേസെടുക്കുന്നതിന്റെ നിയമപരമായ സാധ്യതയാണ് ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നത്.
ശ്രീധരന്‍ പിള്ളയ്ക്കെതിരെ ആരെങ്കിലും പരാതിയുമായി സമീപിക്കുകയാണെങ്കില്‍ അത് അടിസ്ഥാനമാക്കിയാകും കേസെടുക്കുക. കേസെടുക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാധ്യതയും ആഭ്യന്തരവകുപ്പ് തള്ളിക്കളയുന്നില്ല. അതേസമയം ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍ തന്ത്രി രാജീവ് കണ്ഠരരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചു. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രചരണ സമിതി തലവന്‍ കെ. മുരളീധരനും രംഗത്തെത്തി. ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തെ ഒരേ സമയം ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.