റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 63 പോലീസുകാര്‍ക്ക് പരിക്ക്

ആറ് വനിതകളടക്കം 63 പോലീസുകാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്.

Update: 2018-11-12 12:34 GMT
Advertising

കണ്ണൂരില്‍ പോലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച പഠന ക്യാമ്പിനിടെ റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 63 പോലീസുകാര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.

Full View

ഇന്ന് രാവിലെ 10.45ഓടെ തോട്ടട കിഴുന്നയിലുളള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു അപകടം. ജില്ലാ പോലീസ് അസോസിയേഷന്റെ രണ്ട് ദിവസത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടക്കവെ റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. ആറ് വനിതകളടക്കം 63 പോലീസുകാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്.

നാല് പേര്‍ക്ക് കൈകാലുകള്‍ക്ക് പൊട്ടലുണ്ട്. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു പോലീസുകാരിയെ വിദഗ്ദ ചികിത്സക്കായി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരെ ഐ.ജി.ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, എസ്.പി ജി.ശിവ വിക്രം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഐ.ജി പറഞ്ഞു.

കെട്ടിടത്തിന്‍റെ നിർമാണം ശാസ്ത്രീയമായ രീതിയിൽ അല്ലായിരുന്നുവെന്നും മേൽക്കൂരയിലുണ്ടായിരുന്ന മര ഉരുപ്പടികൾക്കും തൂണുകൾക്കും ബലമില്ലായിരുന്നുവെന്നും ആരോപണമുണ്ട്. അതേ സമയം കെട്ടിടം മാസങ്ങൾക്കു മുമ്പ് പുതുക്കി പണിതതായിരുന്നുവെന്നാണ് ഉടമ അവകാശപ്പെടുന്നത്.

Tags:    

Similar News