ബന്ധു നിയമന വിവാദം; ജലീലിനെതിരെ കുരുക്ക് മുറുകുന്നു, കൂടുതല്‍ തെളിവുകള്‍ പുറത്ത്
അദീബ് രാജി വച്ചതോടെ ബന്ധുനിയമനവിവാദം അടഞ്ഞിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വയ്ക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലീന് എതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയത് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പുറത്ത് വിട്ടു. ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശവും ജലീല്‍ മറികടന്നതായി രേഖകള്‍ തെളിയിക്കുന്നു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്കയിലെ അടിസ്ഥാന യോഗ്യതയില്‍ ബി ടെകും പി.ജി.ഡി.ബി.എയും ഉള്‍പ്പെടുത്തി മാറ്റം വരുത്തിയത് മന്ത്രി കെടി ജലീലാണെന്ന് വ്യക്തമാക്കുന്ന രേഖകകളാണ് പുറത്ത് വന്നത്. 2016 ജൂലൈ 28 നായിരുന്നു മന്ത്രി കെ.ടി ജലീല്‍ ഈ ആവശ്യം ഉന്നയിച്ച് വകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയത്. തസ്തിക നിര്‍ണയിച്ചതും യോഗ്യത നിശ്ചയിച്ചതും മന്ത്രി സഭാ യോഗ തീരുമാന പ്രകാരമായതിനാല്‍ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തുമ്പോള്‍ മന്ത്രി സഭാ യോഗത്തില്‍ വയ്ക്കേണ്ടതുണ്ടോയെന്ന വിഷയത്തില്‍ ഉത്തരവിനായി ഫയല്‍ മുഖ്യമന്ത്രിക്ക് ചംക്രമണം ചെയ്യണമെന്ന് വകുപ്പ് സെക്രട്ടറി ഷാജഹാന്‍ ഐ.എ.എസ് കുറിപ്പ് എഴുതി.എന്നാല്‍ അതിനെ മറികടന്ന് അധിക യോഗ്യതയ്ക്ക് ആവശ്യമില്ലെന്ന് വീണ്ടും മന്ത്രി ഫയലില്‍ കുറിപ്പ് എഴുതി. 2016 ആഗസ്റ്റ് 4 നായിരുന്നു മന്ത്രി വീണ്ടും കുറിപ്പ് എഴുതിയത്. തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ വെയ്ക്കാതെ ആഗസ്റ്റ് 8 ന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവെച്ചതായി രേഖകള്‍ വ്യക്തമാകുന്നു.
വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയത് മന്ത്രി ഇടപെട്ടാണെന്ന് തെളിഞ്ഞതോടെ വിവാദം ജലീലിന് കൂടുതല്‍ കുരുക്കായി മാറും. ജലീല്‍ മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യവും ഇതോടെ കൂടുതല്‍ പ്രതിപക്ഷം ശക്തമാക്കും.