ദേശീയ നേതാക്കളെ രംഗത്തിറക്കി ബി.ജെ.പി; കണ്ണന്താനം പമ്പയിലെത്തും
കനത്ത സുരക്ഷയിലുള്ള ശബരിമലയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിമാരെയും, എം.എല്‍.എമാരെയും അടക്കം ശബരിമലയിലെത്തിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.
ശബരിമലയിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരെയും നേതാക്കളേയും രംഗത്തിറക്കാൻ ബി.ജെ.പി പദ്ധതി. ഓരോ ദിവസവും ദേശീയ നേതാക്കളെയടക്കം ശബരിമലയില്‍ എത്തിക്കാനുള്ള ബി.ജെ.പി തീരുമാനത്തിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. കനത്ത സുരക്ഷയിലുള്ള ശബരിമലയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിമാരെയും, എം.എല്‍.എമാരെയും അടക്കം ശബരിമലയിലെത്തിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ പ്രക്ഷുബ്ധ സാഹചര്യത്തിൽ, മാസ പൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയിൽ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചതിന് പിന്നാലെയാണ് പുതിയ തന്ത്രവുമായി ബി.ജെ.പി എത്തിയിരിക്കുന്നത്.
സുപ്രീംകോടതി വിധി ലംഘിക്കുകയും, പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ വീണ്ടും ശബരിമലയിലേക്ക് പോവുന്നതില്‍ മുന്‍കരുതല്‍ എന്ന നിലക്കുമാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ അറസ്റ്റെന്നും പൊലീസ് പറഞ്ഞു. നേരത്തെ, ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് ഹിന്ദു എെക്യവേദി നേതാവ് കെ.പി ശശികലയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.