100 ശതമാനം വിജയത്തിനായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥിക്ക് അനുമതി നിഷേധിച്ചതായി പരാതി
എറണാകുളം ഇടപ്പള്ളി നോര്‍ത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം.
നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതായി പരാതി. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതായി വിദ്യാര്‍ഥി പറഞ്ഞു. എറണാകുളം ഇടപ്പള്ളി നോര്‍ത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം.
രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ തയ്യാറെടുത്തിരുന്ന നിര്‍ധന വിദ്യാര്‍ഥിയ്ക്കാണ് സ്‌കൂള്‍ അധികൃതര്‍ അനുമതി നിഷേധിച്ചത്. ഏതാനും ദിവസം മുമ്പ് മാതാവിനെ സ്‌കൂളില്‍ വിളിച്ച് വരുത്തിയാണ് പ്രധാന അധ്യാപിക കുട്ടിക്ക് ആരോഗ്യ പ്രശ്‌നമുണ്ടന്ന് നിര്‍ബന്ധിച്ച് എഴുതി വാങ്ങിപ്പിച്ചത്.
സ്‌കൂളിന്റെ 100 ശതമാനം വിജയം ഉറപ്പിക്കുന്നതിനാണ് തന്നെ പരീക്ഷ എഴുതിപ്പിക്കാതെന്നാണ് വിദ്യാര്‍ഥിയുടെ ആരോപണം. സംഭവത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ട് ഡി.ഡിയേയും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനേയും വിവരമറിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനാല്‍ നാളെ നടക്കുന്ന ഐ.ടി പരീക്ഷ എഴുതാനാവുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥിയും മാതാവും.