കേരള കോണ്‍ഗ്രസ് ജേക്കബ് പിളര്‍പ്പിലേക്ക്: ജോണി നെല്ലൂര്‍ വിഭാഗം ജോസഫ് വിഭാഗത്തില്‍ ലയിക്കും
ലയന സമ്മേളനം ഫെബ്രുവരി 29ന് എറണാകുളത്ത് നടക്കുമെന്ന് പി.ജെ ജോസഫ്
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളര്‍പ്പിലേക്ക്. ജോണി നെല്ലൂര്‍ വിഭാഗം ജോസഫ് ഗ്രൂപ്പില്‍ ലയിക്കും. ഫെബ്രുവരി 29ന് ലയന സമ്മേളനം എറണാകുളത്ത് നടക്കുമെന്ന് പി.ജെ ജോസഫ് അറിയിച്ചു. ലയന കാര്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് ജോണി നെല്ലൂരും പറഞ്ഞു.
ലയന കാര്യത്തിലുള്ള തർക്കം കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ മറനീക്കി പുറത്ത് വന്നതിന് പിന്നാലെയാണ് പി.ജെ ജോസഫ് ലയന കാര്യം പരസ്യമാക്കിയത്. ജോണി നെല്ലൂർ വിഭാഗവുമായുള്ള ലയനം 29ന് എറണാകുളത്ത് വെച്ച് നടക്കുമെന്ന് പറഞ്ഞ പി.ജെ ജോസഫ്, അനൂപ് ജേക്കബും പിന്നാലെ വരുമെന്ന് വ്യക്തമാക്കി.
നാളെ ചേരുന്ന യോഗത്തിന് ശേഷമേ അന്തിമ തീരുമാനം പറയാനാകുകയുള്ളൂ എന്നും ലയനം അനിവാര്യമാണെന്നും ജോണി നെല്ലൂര്‍ പ്രതികരിച്ചു. ജോണി നെല്ലൂർ പരസ്യമായി ഇന്ന് അനൂപ് ജേക്കബിനെ തള്ളി പറഞ്ഞു. അനൂപ് ജേക്കബ് വേറെ പാർട്ടിയുണ്ടാക്കിയാൽ അത് ചീട്ട് കൊട്ടാരം പോലെ തകരും. അനൂപ് കഴിഞ്ഞ ദിവസം വിളിച്ച യോഗം സംഘടനാ വിരുദ്ധമാണ്. പാർട്ടിയുടെ സീറ്റുകൾ ഇല്ലാതാക്കിയതിന് പിന്നിൽ അനൂപ് ജേക്കബാണ്. വീണ്ടും യോഗം വിളിച്ചാൽ നടപടിയെടുക്കേണ്ടി വരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
നാളെ അനൂപ് ജേക്കബ് വിഭാഗവും കോട്ടയത്ത് യോഗം ചേരുന്നുണ്ട്. ജോണി നെല്ലൂർ ലയിക്കാൻ തീരുമാനിച്ചാൽ പരസ്പരം പുറത്താക്കൽ നടപടിയും ഉണ്ടായേക്കാം.