കോവിഡ് 19: സംസ്ഥാനത്തെ രോഗവ്യാപനം തടയാൻ 5 ക്ലസ്റ്ററുകളായി തിരിച്ച് പ്രത്യേക പരിശോധന നടത്തും

ദ്രുതഗതിയിലുള്ള പരിശോധനകളിലൂടെ രോഗബാധിതരെ പെട്ടെന്നു കണ്ടുപിടിക്കുന്നതിനും വ്യാപനം ചെറുക്കുന്നതിനും സഹായിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

Update: 2020-07-10 01:22 GMT
Advertising

സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധ സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സമ്പര്‍ക്ക വ്യാപനം സൂപ്പര്‍ സ്പ്രെഡിലെത്തും. അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ക്ലസ്റ്ററുകൾ രൂപപെട്ടു കഴിഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ച 213 പേരിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആശങ്കപ്പെടേണ്ട സ്ഥിതിയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനം തടയാൻ 5 ക്ലസ്റ്റുകളായി തിരിച്ച് പ്രത്യേക പരിശോധന നടത്തും. ക്ലസ്റ്റര്‍ ഒന്നില്‍ കണ്ടെയ്‍ന്‍‍മെന്‍റ് സോണിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഉൾപ്പെടെ ഉള്ള ആരോഗ്യ പ്രവര്‍ത്തകരാണുള്ളത്. ക്ലസ്റ്റര്‍ രണ്ടില്‍ സമൂഹവുമായി അടുത്തിടപഴകുന്ന തദ്ദേശ സ്വയംഭരണ മെമ്പര്‍മാര്‍, വളണ്ടിയര്‍മാര്‍, ഭക്ഷണ വിതരണക്കാര്‍, കച്ചവടക്കാര്‍, പൊലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഇന്ധന പമ്പ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ബാങ്ക്, ഓഫീസ് ജീവനക്കാര്‍ എന്നിവരാണുള്ളത്. കണ്ടെയ്‍ന്‍‍മെന്‍റ് സോണിലെ ഗര്‍ഭിണികളും പ്രസവം കഴിഞ്ഞ അമ്മമാരും വയോജനങ്ങളും 10 വയസിന് താഴെയുള്ള കുട്ടികളുമാണ് ക്ലസ്റ്റർ മൂന്നിൽ. ക്ലസ്റ്റര്‍ നാലില്‍ അതിഥി തൊഴിലാളികള്‍ക്കാണ് പരിശോധന നടത്തുന്നത്.

Full View

ഈ നാല് ക്ലസ്റ്ററുകളിലും സിഎല്‍ഐഎ ആന്‍റിബോഡി പരിശോധനയാണ് നടത്തുന്നത്. ക്ലസ്റ്റര്‍ അഞ്ചില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് പരിശോധന. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റാണ് ഇവര്‍ക്ക് നടത്തുന്നത്. ദ്രുതഗതിയിലുള്ള പരിശോധനകളിലൂടെ രോഗബാധിതരെ പെട്ടെന്നു കണ്ടുപിടിക്കുന്നതിനും വ്യാപനം ചെറുക്കുന്നതിനും സഹായിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

Tags:    

Similar News