'അശ്രദ്ധ കൊണ്ടല്ല അന്തര്‍ധാര കൊണ്ട്' ബി.ജെ.പിയുടെ പത്രിക തള്ളിയത് കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടത്തിനെന്ന് എം.വി ജയരാജൻ
ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കൂടിയായ എന്‍.ഹരിദാസിന്‍റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.
തലശ്ശേരിയിൽ ബി.ജെ.പി സ്ഥാനാർഥി എന്‍.ഹരിദാസിന്‍റെ പത്രിക തള്ളിയ സംഭവം അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടത്തിനാണ് ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവ് വരുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. മറ്റ് മണ്ഡലങ്ങളിലില്ലാത്ത പാളിച്ച തലശ്ശേരിയിൽ മാത്രം എങ്ങനെയുണ്ടായതെന്ന് ചോദിച്ച ജയരാജന്‍ സംഭവത്തിൽ അന്തർധാര സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കൂടിയായ എന്‍.ഹരിദാസിന്‍റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്. സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് സ്ഥാനാര്‍ഥിക്ക് വിനയായത്. സംസ്ഥാന അധ്യക്ഷന്‍റെ ഒപ്പില്ല എന്നതും പത്രിക തള്ളാന്‍ കാരണമായി.