തൊടുപുഴയിൽ പി.ജെ ജോസഫിന്റെ പോസ്റ്ററിന് ഒപ്പം രണ്ടില; വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനെന്ന് ആരോപണം
രണ്ടിലെ ചിഹ്നത്തിലാണ് കഴിഞ്ഞ തവണ പി.ജെ ജോസഫ് മത്സരിച്ചത്
തൊടുപുഴയിൽ പി.ജെ ജോസഫിന്റെ പോസ്റ്ററുകൾക്ക് സമീപം രണ്ടില ചിഹ്നം പതിച്ചത് വിവാദമാകുന്നു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി വോട്ട് മറിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. എതിർ സ്ഥാനാർഥി കെ.ഐ ആന്റണിയുടെ ചിഹ്നം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പ്രത്യക്ഷപ്പെട്ടത് എൽ.ഡി.എഫ് ഗൂഡാലോചനയുടെ ഭാഗമാണെന്നും യു.ഡി.എഫ് ആരോപിച്ചു.
പി.ജെ ജോസഫിന്റെ വോട്ടുകൾ തട്ടിയെടുക്കാൻ എൽ.ഡി.എഫ് പയറ്റുന്ന തരംതാഴ്ന്ന തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ എം ജെ ജേക്കബ് പ്രതികരിച്ചു.
എന്നാൽ ആരോപണങ്ങൾ എൽ.ഡി.എഫ് നിഷേധിച്ചു. ചിഹ്നം മനപ്പൂർവം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പതിച്ചിട്ടില്ലെന്നാണ് എൽ.ഡി.എഫ് വാദം. കഴിഞ്ഞ തവണ പി.ജെ ജോസഫ് മത്സരിച്ചത് രണ്ടിലെ ചിഹ്നത്തിലാണ്. അതുകൊണ്ട് തന്നെ ചിഹ്നം മാറ്റി ഒട്ടിച്ചുള്ള പ്രചാരണം വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. ചിഹ്ന പ്രതിസന്ധിയിൽ നിന്ന് മുക്തി നേടി ട്രാക്ടറുമായി പ്രചാരണത്തിന് ഇറങ്ങിയ ജോസഫ് ക്യാമ്പിന് പുതിയ വെല്ലുവിളിയാകുകയാണ് പോസ്റ്റർ യുദ്ധം.