മന്‍സൂര്‍ വധക്കേസ്: പ്രതിപട്ടികയിലേറെയും സിപിഎം പ്രാദേശിക നേതാക്കള്‍
അഞ്ചാം പ്രതി ഡിവൈഎഫ്ഐ നേതാവ്.ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവും പട്ടികയില്‍.
മൻസൂർ വധക്കേസിൽ പ്രതിപ്പട്ടികയിലേറെയും സിപിഎം പ്രാദേശിക നേതാക്കൾ. എട്ടാംപ്രതി ശശി കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും, പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമാണ്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ സുഹൈൽ ആണ് അഞ്ചാം പ്രതി. കേസിലെ മുഖ്യ ആസൂത്രകൻ പിടിയിലായതായും സൂചനയുണ്ട്.
ഈ കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്. അതില്‍ 11 പേരെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ 11 പേരെ ഉള്‍പ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. അതില്‍ ഷിനോസ്, രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവരാണ് ഒന്നുമുതല്‍ 11 വരെയുള്ള പ്രതികള്‍. ഇതില്‍ ഒന്നാം പ്രതിയായ ഷിനോസിനെയാണ് ആണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷിനോസിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടാം പ്രതി രതീഷിനെ ഇന്നലെ ആത്മഹത്യ നിലയില്‍ കണ്ടെത്തിയിരുന്നു. ബാക്കിയുള്ള 9 പേരെയാണ് ഇനി പിടികൂടാനുള്ളത്.
ഈ 9 പേരില്‍ ഭൂരിഭാഗം പേരും സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരാണ്. ഇതില്‍ മൂന്ന് പേരാണ് പാര്‍ട്ടി ഭാരവാഹിത്വത്തിലുള്ളത്. ഇതില്‍ പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റിയംഗമാണ്. എട്ടാംപ്രതി ശശി ആവട്ടെ സിപിഎമ്മിന്‍റെ കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണ്. അതായത് ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ട്രഷററാണ്. സുഹൈല്‍ ആണ് കൊലപാതകം നടക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെയൊരു കൊലപാതകം നടക്കാന്‍ സാധ്യതയുണ്ട് എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടത്.
അന്വേഷണസംഘത്തിനെതിരെ പ്രതികളെ പിടികൂടാത്തതില്‍ വന്‍ ആക്ഷേപം ഉയരുന്നുണ്ട്. സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നതടക്കമുള്ള ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്.
അതിനിടെ ഈ കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചെന്ന് വിശ്വസിക്കുന്ന ആള്‍ പിടിയിലായെന്ന തരത്തിലുള്ള സൂചനകളും വരുന്നുണ്ട്. ഇയാളാണ് കൊലപാതകത്തിന്‍റെ സൂത്രധാരന്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാള്‍ കസ്റ്റഡിയിലായതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം തലശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍വെച്ച് കസ്റ്റഡിയിലെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാത്രിയോടെ ഇയാളെ ചൊക്ലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഇയാളെ ചോദ്യം ചെയ്യും. അതിന് ശേഷം 9 മണിയോട് കൂടി അറസ്റ്റ് രേഖപ്പെടുത്തും. അപ്പോള്‍ മാത്രമേ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിടൂ എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് ഉള്ളത്.