പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ സൽക്കാരത്തിൽ പങ്കെടുത്ത നാല് കോൺഗ്രസ് നേതാക്കളെ പുറത്താക്കി
കെ.പി.സി.സി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പുറത്താക്കിയത്.
കാസർക്കോട്: യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നാല് കോൺഗ്രസ് നേതാക്കലെ പുറത്താക്കി. കെ.പി.സി.സി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പുറത്താക്കിയത്.
പെരിയ കേസ് പ്രതിയുടെ സൽക്കാരത്തിൽ നേതാക്കൾ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അടക്കമുള്ളവർ ഇതിനെതിരെ രംഗത്തുവന്നിരുന്നു. തുടർന്ന് സംഭവം പരിശോധിക്കാൻ കെ.പി.സി.സി രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പെരിയ ഇരട്ടക്കൊലക്കേസിലെ 13-ാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹസൽക്കാരത്തിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്. കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനും ജനറൽ സെക്രട്ടറി പി.എം നിയാസുമാണ് സംഭവത്തിൽ കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകിയത്.