4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ തട്ടിപ്പ്: നേതാക്കളുടെ അറിവോടെയെന്ന് യു.ഡി.ഫ്; പ്രതിസന്ധിയിലായി സി.പി.എം
സി.പി.എം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനാണ് അംഗങ്ങളറിയാതെ തട്ടിപ്പ് നടത്തിയത്
കാസർകോട്: കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ പണയത്തട്ടിപ്പിൽ പ്രതിസന്ധിയിലായി സി.പി.എം. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനാണ് അംഗങ്ങളറിയാതെ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ തട്ടിപ്പ് നടത്തിയത്. നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പെന്ന ആരോപണവുമായി യു.ഡി എഫ് രംഗത്ത് വന്നു.
സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വൻ തട്ടിപ്പ് നടന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായുള്ള സി.പി.എം സംസ്ഥാന കമ്മറ്റി അംഗം സി എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ വെളിപ്പെടുത്തലോടെ പാർട്ടി കൂടുതൽ പ്രതിസന്ധിയിലായി.
ഇത്തരം ക്രമക്കേടുകൾ സഹകരണസ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. സി.പി.എം നേതൃത്വത്തിൻ്റെ അറിവോടെയാണ് വൻ തട്ടിപ്പ് നടന്നതെന്ന് ഡിസിസി പ്രസിഡൻ്റ് ആരോപിച്ചു. കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ 4.76 കോടി രൂപയുടെ തട്ടിപ്പ് ആണ് നടന്നത്. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്തോടെ സെക്രട്ടറി കെ. രതീശ് കർണാടകയിലേക്ക് കടന്നു. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.